ഇന്ന് തീ പാറും: ഇന്ത്യ- ഓസീസ് പോരാട്ടം ചെന്നൈയില്‍, തീര്‍ക്കാനുണ്ട് കണക്കുകള്‍

2011 ന് ശേഷം ഇന്ത്യ വീണ്ടും ലോകകപ്പ് മത്സര വേദിയാകുമ്പോള്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരം മൈറ്റി ഓസീസിനെതിരെയാണ്. ചരിത്രമാവര്‍ത്തിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ കച്ചകെട്ടുമ്പോള്‍ ചില കണക്കുകള്‍ തീര്‍ക്കാനാണ് ഓസീസ് എത്തുന്നത്.  2011 വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യയില്‍ ഇരു ടീമുകളും ലോകകപ്പില്‍ അവസാനമായി ഏറ്റുമുട്ടുന്നത്. അന്ന് യുവരാജ് സിങ് നടത്തിയ പോരാട്ടം ഓസീസ് ടീം ഒരിക്കലും മറക്കാനിടയില്ല. 5 വിക്കറ്റിന്‍റെ വിജയവുമായി ഇന്ത്യ ഫൈനലിലേക്ക് അടുത്തപ്പോള്‍ മുറിഞ്ഞ നെറ്റിയുമായി പേസ് ബൗളര്‍ ബ്രെറ്റ് ലീയും ഇത്തവണ കപ്പില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ നോക്കി നില്‍ക്കുന്ന റിക്കി പോണ്ടിംഗും കൂട്ടരും മൈതാനത്ത് ഉണ്ടായിരുന്നു. സച്ചിനും ഗംഭീറും നല്‍കിയ അടിത്തറയില്‍ സുരേഷ് റെയ്നയെ കൂട്ട് പിടിച്ച് യുവരാജ് നടത്തിയ പോരാട്ടമാണ് അന്ന് ഇന്ത്യയെ ഫൈനലിലേക്ക് എത്തിക്കുന്നത്. ആ കണക്കുകള്‍ ഇന്നും ഓസീസ് ടീമിന്‍റെ മനസിലുണ്ടാകും.

അന്നും ഇന്നും ടീമിലുള്ളത് വിരാട് കൊഹ്ലി മാത്രമാണ്. ഓസീസ് ടീം സ്ക്വാഡ് മു‍ഴുവനും മാറി. ആ അനുഭവ സമ്പത്ത് വിരാട് കൊഹ്ലിയില്‍ പ്രകടമാകുമോ എന്നാണ് ഇന്ന് കാത്തിരുന്ന് കാണേണ്ടത്.   അഞ്ച് കിരീടം നേടിയ ഓസീസിന് ഇനി തെളിയിക്കാന്‍ ഒന്നുമില്ല. ലോകകപ്പുകളില്‍ അവസാന നാലില്‍ എത്തിയതിന് ശേഷം പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. ആ ചീത്തപ്പേര് കളയാന്‍ ഇന്ത്യക്ക് കിട്ടുന്ന സുവര്‍ണ അവസരമാണ് ഇത്തവണത്തെ വേള്‍ഡ് കപ്പ്.

ALSO READ: 17 വർഷത്തിനു ശേഷം വിഛേദിക്കപ്പെട്ട ബന്ധം വീണ്ടും ഒന്നിക്കുന്നു; പോസ്റ്റ് പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഇരുടീമുകളും പ്രതിഭാ ശാലികളായവരാല്‍ സമ്പന്നമാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് രണ്ട് മണിമുതല്‍ മത്സരം ആരംഭിക്കുമ്പോ‍ള്‍ തീ പാറുമെന്നുറപ്പാണ്.  ശുഭ്മാൻ ഗില്ലിന്‍റെ ഡെങ്കിപ്പനി മാറിയില്ലെങ്കിൽ ഇഷാൻ കിഷൻ നായകൻ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറാവും. നാലാമനായി ശ്രേയസോ സൂര്യകുമാറോ എന്നകാര്യത്തിലും തീരുമാനം ആയിട്ടില്ല. മൂന്ന് സ്പിന്നര്‍മാര്‍ പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ മുഹമ്മദ് ഷമിയാവും പേസ് നിരയില്‍ പുറത്തിരിക്കേണ്ടിവരിക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഷമിയെ പുറത്തിരിത്തുക ഇന്ത്യക്ക് ബുദ്ധിമുട്ടാകുമെങ്കിലും മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ മറ്റ് വഴിയില്ല. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാകും രണ്ട് പേസര്‍മാര്‍. മൂന്നാം പേസറുടെ റോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കാവും.

ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെൽ പരിക്ക് മാറി എത്തിയ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. മാ‍ർക്കസ് സ്റ്റോയിനിസിന്റെ പരിക്ക് മാത്രമാണ് ആശങ്ക. ഐപിഎല്ലിലൂടെ ഒട്ടുമിക്ക താരങ്ങൾക്കും ചെന്നൈയിലെ സാഹചര്യം പരിചിതമായത് ഗുണംചെയ്യുമെന്നും ഓസീസ് ക്യാമ്പ് കരുതുന്നു.ലോകകപ്പ് പോരിൽ ഓസീസ് ചെന്നൈയിൽ തോറ്റിട്ടില്ല. ഇന്ത്യയുൾപ്പടെ മുൻപ് നേരിട്ട മൂന്ന് എതിരാളികളേയും തോൽപിച്ചു. 2019 ലോകകപ്പിന് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും 12 ഏകദിനത്തിൽ ഏറ്റുമുട്ടി. ഇരുടീമിനും ആറ് ജയം വീതം. സ്പിന്നർമാർ കളിയുടെ ഗതി നിയിന്ത്രിക്കുന്ന ചെപ്പോക്കിൽ അവസാന എട്ട് കളിയിൽ ആറിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം. ആകെ കളിച്ച 23 മത്സരങ്ങളില്‍ 14ലും ജയിച്ചതും ആദ്യം ബാറ്റ് ചെയ്ത ടീം തന്നെ.

ALSO READ: ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം; ബങ്കറുകളില്‍ അഭയംതേടി മലയാളികളും, കുടുങ്ങിയവരില്‍ തീര്‍ത്ഥാടക സംഘവുമെന്ന് റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News