
രാജ്യത്ത് വാഹനവിൽപന റെക്കോഡ് നേട്ടത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ് എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോ മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) യുടെ റിപോർട്ടുകൾ പ്രകാരം 2025 ഒക്ടോബറിൽ രാജ്യത്തുനടന്നത് റെക്കോഡ് വാഹനവിൽപ്പനയാണ്.
40.24 ലക്ഷം വാഹനങ്ങൾ കഴിഞ്ഞ മാസം മാത്രം ഇന്ത്യൻ നിരത്തുകളിലേക്കിറങ്ങി. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 40.53 ശതമാനമാണ് ഈ രംഗത്ത് കൈവരിച്ച വളർച്ച. നവരാത്രി മുതൽ ദീപാവലിവരെ നീണ്ട 42 ദിവസത്തെ ഉത്സവകാല വിൽപ്പന ഈ റെക്കോർഡ് നേട്ടത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
യാത്ര വാഹനങ്ങളുടെ എണ്ണമെടുത്താൽ മാരുതി സുസുക്കിയാണ് ഒന്നാമതെത്തിയത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ വാഹന കമ്പനികൾ ഈ ശ്രേണിയിൽ രണ്ടും മൂന്നും സ്ഥാനത്തെത്തിയപ്പോൾ ഹ്യൂണ്ടായ് മോട്ടോർസ് ഏറ്റവും അവസാനത്തേക്ക് പിന്തള്ളപ്പെട്ടു. 65,442 വാഹനങ്ങളാണ് ഒക്ടോബർ മാസം കമ്പനിക്ക് വിറ്റഴിക്കാനായത്. വിൽപ്പനയിൽ ഏഴുശതമാനം കുറവാണ് രാജ്യത്തെ റെക്കോഡ് വാഹന വില്പനയ്ക്കിടയിലും ഹ്യൂണ്ടായ് രേഖപ്പെടുത്തിയതെന്ന് ഫാഡ പറയുന്നു. ഫെസ്റ്റിവൽ സീസണായിട്ടും ജിഎസ്ടി പരിഷ്കാരങ്ങളുടെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടും പ്രതീക്ഷിച്ച തരത്തിലുള്ള വിൽപ്പന നടക്കാത്തത് കമ്പനിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ALSO READ: പുതുപുത്തന്‍ മഹീന്ദ്ര BE6 ബാറ്റ്മാന്‍ സ്വന്തമാക്കുന്ന ആദ്യ സിനിമ നടി തമിഴ്‌നാട്ടില്‍ നിന്നും
അതേസമയം ഒക്ടോബറിൽ കാറുകളുടെയും എസ്‌യുവികളുടെയും വിൽപ്പന രാജ്യത്ത് അഞ്ചു ലക്ഷം പിന്നിട്ടതായാണ് കണക്കുകൾ. അതായത് 5.57 ലക്ഷം വാഹനങ്ങളാണ് ഈ വർഷം വിറ്റഴിച്ചത്. 11 ശതമാനമാണ് ഈ വിഭാഗത്തിൽ വളർച്ച ഉണ്ടായത്. ഇരുചക്ര വാഹനങ്ങളുടെ വില്പന പരിശോധിച്ചാൽ കഴിഞ്ഞ വർഷത്തെ 21 ലക്ഷത്തിൽനിന്ന് 31.5 ലക്ഷമായി ഉയർന്നുവെന്നാണ് കണക്കുകൾ. 52 ശതമാനം വളർച്ച നേടി വിൽപനയിൽ ഇരുചക്ര വാഹന കമ്പനികളും റെക്കോഡ് നേട്ടം കൈവരിച്ചു.
ചരക്ക്-സേവന നികുതി കുറച്ചതും ഗ്രാമീണമേഖലയിൽ വാഹനങ്ങളുടെ ഉപഭോഗം ഉയർന്നതുമാണ് ഇത്തവണ വിൽപ്പന ഉയരാനിടയാക്കിയതെന്ന് ഫാഡ പ്രസിഡൻ്റ് സി.എസ്. വിപ്പേശ്വർ അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

