
ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഘന വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 26ന് ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് സബ്സിഡി നൽകില്ലെന്ന് ആണ് കേന്ദ്രം വ്യക്തമാക്കുന്നത്.
10,900 കോടി രൂപയുടെ പി.എം ഇ-ഡ്രൈവ് സ്കീം പ്രകാരം നൽകിയിരുന്ന സബ്സിഡി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കേന്ദ്ര സർക്കാർ അവസാനിപ്പിക്കുകയാണ്. അടുത്ത വർഷം മാർച്ച് വരെയായിരുന്നു സബ്‌സിഡിയുടെ കാലാവധി. എന്നാൽ പ്രതീക്ഷച്ചതിനേക്കാൾ കൂടുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിറ്റുപോയതോടെ 857 കോടി രൂപയുടെ സബ്സിഡി ഫണ്ട് തീർന്നുവെന്നാണ് കേന്ദ്ര ഘനാവ്യവസായ മന്ത്രാലയം അറിയിച്ചത്. ഇക്കാര്യം അറിയിച്ച് ഓട്ടോമൊബൈൽ നിർമാതാക്കളുടെ സൊസൈറ്റിക്ക് മന്ത്രാലയം ഇക്കഴിഞ്ഞ 23നു കത്ത് നൽകിയിരുന്നു.
പി.എം ഇ-ഡ്രൈവ് സ്കീമിൻ്റെ ചട്ട പ്രകാരം സബ്‌സിഡി പരിമിതമാണെന്നും അനുവദിച്ച ഫണ്ട് തീർന്നാൽ പുതിയ അപേക്ഷകൾ പരിഗണിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പി.എം ഇ-ഡ്രൈവ് സ്‌കീമിൽ ചെറിയ ബാറ്ററിയുള്ള എൽ-3 വിഭാഗത്തിലുള്ള ഇ-റിക്ഷകൾക്കും എൽ-5 വിഭാഗത്തിലുള്ള ഓട്ടോറിക്ഷകൾക്കുമാണ് സബ്‌സിഡി നൽകിയിരുന്നത്. എൽ-3 ഇ-റിക്ഷകൾക്ക് 192 കോടി രൂപയും എൽ-5 വാഹനങ്ങൾക്ക് 715 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. ഇ-റിക്ഷകൾക്ക് ആവശ്യക്കാർ കുറവായതിനാൽ എൽ-5 വാഹനങ്ങളുടെ സബ്സിഡി വർദ്ധിപ്പിക്കുകയായിരുന്നു. 26ന് ശേഷം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് സബ്സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര മന്ത്രാലയത്തിൻ്റെ കത്തിൽ വ്യക്തമാക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

