
സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത് ചൈനയിൽ നിന്നുള്ള ഒരു അത്ഭുത കാഴ്ചയാണ്. വെറുമൊരു കാർ യാത്രയല്ല ഇത്, മറിച്ച് വേഗതയുടെയും കൃത്യതയുടെയും പുതിയൊരു ചരിത്രമാണ്. ചൈനീസ് ഇലക്ട്രിക് കാറായ GAC ഹൈടെക് SSR (GAC Hyptec SSR) ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രിഫ്റ്റിംഗിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. മണിക്കൂറിൽ 213.523 കിലോമീറ്റർ വേഗതയിലാണ് ഈ ഇലക്ട്രിക് കാർ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയത്.
പ്രൊഫഷണൽ ഡ്രൈവറായ ജേസൺ യേ (Ye Zhicheng) ആണ് അതിമനോഹരമായ നിയന്ത്രണത്തോടെ ഈ നേട്ടം കൈവരിച്ചത്. ചൈനയിലെ ബീജിംഗിൽ വെച്ച് 2025 ഒക്ടോബർ 29-നായിരുന്നു റെക്കോർഡ് പ്രകടനം നടന്നത്. 50 മീറ്ററിലധികം ദൂരത്തിൽ 30 ഡിഗ്രിയിൽ കൂടുതൽ ഡ്രിഫ്റ്റ് ആംഗിൾ (drift angle) നിലനിർത്തിക്കൊണ്ടാണ് അദ്ദേഹം കാർ ഓടിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.
2022-ൽ സീകർ (Zeekr) വാഹനത്തിൽ ഷാവോ ജുൻഫെങ് സ്ഥാപിച്ച 207.996 കിലോമീറ്റർ വേഗതയുടെ റെക്കോർഡാണ് ഇപ്പോൾ തകർക്കപ്പെട്ടത്. എന്നിരുന്നാലും, ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളുടെ (ICE) വിഭാഗത്തിൽ ഏറ്റവും വേഗതയേറിയ ഡ്രിഫ്റ്റിംഗ് റെക്കോർഡ് 2016-ൽ നിസ്സാൻ ജിടി-ആർ നിസ്മോയിൽ മസാറ്റോ കവാബാറ്റ സ്ഥാപിച്ച 304.96 കിലോമീറ്റർ ആണ്.
ഹൈടെക് SSR-ന്റെ അസാമാന്യമായ കരുത്താണ് ഈ നേട്ടത്തിന് അടിത്തറ പാകിയത്. 1,224 കുതിരശക്തി (HP) ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മൂന്ന് മോട്ടോറുകളാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കേവലം 1.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് സാധിക്കും. മണിക്കൂറിൽ 251 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗതയായി നിശ്ചയിച്ചിരിക്കുന്നത്. ഗ്വാങ്‌ഷൂ ഓട്ടോമൊബൈൽ ഗ്രൂപ്പിന്റെ (GAC) കീഴിലുള്ള ഐയോൺ (Aion) ആണ് ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


