
വണ്ടിപ്രാന്തന്മാരെ കണ്ടിട്ട് ഇല്ലേ ? അവർ ജീവിക്കുന്നത് തന്നെ ആ മായികലോകത്താണ്. ഇനി അവരല്ലെങ്കിൽ പോലും നമ്മുടെ എല്ലാവരുടെയും മനസ്സിൽ വണ്ടികളോട് ഒരു ഇഷ്ടമുണ്ടാകും. പുറത്തിറങ്ങുന്ന പല വണ്ടികളെയും കുറിച്ച് ആളുകൾ നോക്കി വയ്ക്കാറുണ്ട്. പുതിയ ബ്രാൻഡുകൾ എത്തുമ്പോൾ പഴയവ ഇവർ അപ്പാടെ മറക്കാറില്ല. കാരണം, അത്തരത്തിൽ ഉള്ള പലതും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ പഴയ സ്ഥാനം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകപ്രശസ്തമായ പല ലഗസി കാർ ബ്രാൻഡുകളും. ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ സജീവമായിരുന്ന പല ബ്രാൻഡുകളും പുതിയ തന്ത്രങ്ങളുമായാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ഇന്ത്യയിലെ മാറുന്ന വിപണി സാഹചര്യങ്ങളും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും മുൻനിർത്തിയാണ് ഈ കമ്പനികൾ വീണ്ടും ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയപ്പെട്ട ഒരു സൂപ്പർസ്റ്റാർ തന്റെ മാസ്സ് എൻട്രിയിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നത് പോലെയാണ് ഈ വാഹന ബ്രാൻഡുകളുടെ മടങ്ങിവരവ്. പഴയ പ്രതാപവും പുതിയ കാലത്തെ സാങ്കേതികവിദ്യയും ഒരേപോലെ ഇവിടെ നമുക്ക് പ്രതീക്ഷിക്കാം.
പുതിയ തന്ത്രങ്ങളുമായി മടക്കം ഫോർഡിന്റെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സജീവമാണ്. കയറ്റുമതി ലക്ഷ്യമിട്ടുള്ള നിർമ്മാണവും തിരഞ്ഞെടുത്ത എസ്‌യുവി (SUV) മോഡലുകളും വഴിയായിരിക്കും ഫോർഡ് രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കുക. അതോടൊപ്പം തന്നെ, ഷെവർലെ, മിത്സുബിഷി തുടങ്ങിയ ബ്രാൻഡുകളും ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിവരാൻ ആലോചിക്കുന്നുണ്ട്. ഇലക്ട്രിക് വാഹന (EV) മേഖലയിലെ വളർച്ച മുതലെടുത്ത് EV സെഗ്‌മെന്റിലൂടെ ഒരു പുതിയ തുടക്കം കുറിക്കാനാണ് ഈ കമ്പനികൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
ALSO READ: അൽ ഹിന്ദ് എയറിനും ഫ്ലൈ എക്‌സ്‌പ്രസിനും സർക്കാറിന്റെ പച്ചക്കൊടി
ബ്രാൻഡുകൾ തിരിച്ചെത്തുമ്പോൾ പഴയ പ്രതാപം മാത്രം പോരാ എന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ ഉപഭോക്താക്കൾ സുരക്ഷ (Safety), അത്യാധുനിക സാങ്കേതികവിദ്യ (Technology), മികച്ച സർവീസ് എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. മുൻപ് ഇന്ത്യ വിട്ടുപോയ ബ്രാൻഡുകൾ വീണ്ടും നാടുവിട്ടു പോകുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. അതിനാൽ, വിപുലമായ സർവീസ് നെറ്റ്‌വർക്ക്, സ്പെയർ പാർട്‌സുകളുടെ ലഭ്യത, താങ്ങാനാവുന്ന വില എന്നിവ ഉറപ്പാക്കിയാൽ മാത്രമേ ഇവർക്ക് വിപണിയിൽ നിലനിൽക്കാൻ സാധിക്കൂ.
പഴയ ബ്രാൻഡുകൾക്ക് ഇന്ത്യയിലുള്ള ‘നൊസ്റ്റാൾജിയ ഫാക്ടർ’ ഒരു വലിയ അനുകൂല ഘടകമാണ്. ശരിയായ ഉൽപ്പന്നം ശരിയായ സമയത്ത് അവതരിപ്പിച്ചാൽ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ടാറ്റ സിയറയുടെ വിജയം തെളിയിക്കുന്നു. പ്രീമിയം മോഡലുകൾക്കും കരുത്തുറ്റ എഞ്ചിനുകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു തിരിച്ചുവരവിനാണ് ഇവർ ലക്ഷ്യമിടുന്നത്. പഴയ പ്രശസ്ത ബ്രാൻഡുകൾ വീണ്ടും എത്തുന്നതോടെ ഇന്ത്യൻ കാർ വിപണിയിൽ മത്സരം കൂടുതൽ കടുക്കും എന്ന കാര്യത്തിൽ സംശയമില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

