
റോഡിൽ സീബ്രാ ക്രോസ്സിൽ ആളുകൾ ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയാം. എന്നാൽ ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരെങ്കിലും ഉണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള പൊലീസ്. സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടതിനെ കുറിച്ച് ഫേസ്ബുക്കിൽ നിർദേശം പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.
Also read: എല്ലാ ലിഫ്റ്റും സേഫ് അല്ല; അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത്തിൽ മുന്നറിയിപ്പ് നൽകി കേരള പൊലീസ്
ഫേസ്ബുക്ക് കുറിപ്പ്:
സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത് :
സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം.
പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക.
ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.
ട്രാഫിക് കൺട്രോൾ സിഗ്നൽ ഉള്ള ഇടങ്ങളിൽ സ്റ്റോപ്പ് ലൈനിനു പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ്പ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങിനു പിറകിലായി മാത്രം വാഹനം നിർത്തുക.
പെഡസ്ട്രിയൻ ക്രോസിങ്ങ് അടയാളപ്പെടുത്തിയിട്ടില്ല എങ്കിൽ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലിൽ നിർത്തിയിടണം.
ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.
“Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാർക്കാണ് മുൻഗണന.
വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ നിർത്തിയിടരുത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


