
കൊല്ലം: കൊല്ലം താംബരം എക്സ്പ്രസ് ട്രെയിനിന്‍റെ സമയം മാറ്റി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകുന്നേരം നാലുമണിക്ക് പുറപ്പെടുന്ന തരത്തിലാണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതലാണ് പുതിയ സമയക്രമം നിലവിൽ വരുക. നിലവിൽ 12 മണിക്കാണ് ട്രെയിൻ പുറപ്പെടുന്നത്. എന്നാൽ ട്രെയിൻ പുറപ്പെടുന്ന സമയം വൈകുന്നേരത്തേക്ക് മാറ്റണമെന്ന് ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. ഇതനുസരിച്ചാണ് ഈ ട്രെയിനിന്‍റെ സമയത്തിൽ മാറ്റം വരുത്തിയത്.
നാല് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 4.06ന് കുണ്ടറയിലും 4.15ന് കൊട്ടാരക്കരയിലും 4.55ന് പുനലൂരിലും എത്തും. തെൻമലയിൽ 5.43നും ചെങ്കോട്ടയിൽ 7.10നും തെങ്കാശിയിൽ 7.28നും ആണ് ട്രെയിൻ എത്തുക.
രാത്രി 10.25ന് മധുരയിൽ എത്തുന്ന ട്രെയിൻ പുലർച്ചെ 1.45ന് തിരുച്ചിറപ്പള്ളിയിലും പുലർച്ചെ 4.40ന് വില്ലുപുരത്തും എത്തും. രാവിലെ 7.30ഓടെയാണ് ട്രെയിൻ താംബരത്ത് എത്തിച്ചേരുക.
നിലവിൽ കൊല്ലത്തുനിന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 2.28നാണ് താംബരത്ത് എത്തുന്നത്. ഇത് ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് വലിയരീതിയിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇതേത്തുടർന്നാണ് സമയമാറ്റ ആവശ്യം യാത്രക്കാർ നിരന്തരം മുന്നോട്ടുവെച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

