
കടലിനോട് ചേർന്ന് ഒരു വീട്, തിരമാലയുടെ ശബ്ദം കേട്ട് ഉറങ്ങണം എന്നൊക്കെ പലരുടെയും ആഗ്രഹം ആണ്. എന്നാൽ മനോഹരമായ ഈ ആഗ്രഹത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു പ്രശ്നം ഉണ്ട്. സംഭവം കടലും കടൽതീരത്തെ വീടും നിങ്ങൾക്ക് നല്ലതാണെങ്കിലും അത് നിങ്ങളുടെ വാഹനങ്ങൾക്ക് അത്ര നല്ലതല്ല. കടലോര ഈർപ്പം നിങ്ങളുടെ കാറിൻ്റെ പ്രധാന ശത്രുവായി മാറുന്നത് എങ്ങനെയെന്ന് ആണെന്ന് നോക്കിയാലോ ?
കടൽക്കാറ്റിൽ അടങ്ങിയിരിക്കുന്ന സോഡിയം ക്ലോറൈഡ് ആണ് കാറുകളുടെ പ്രധാന ശത്രു. ഇത് കാറിൻ്റെ മെറ്റൽ ബോഡിയിൽ തുരുമ്പ് കയറാനും, പെയിന്റ് പൊട്ടിപ്പോകാനും കാരണമാകുന്നു. ഉപ്പും ഈർപ്പവും ചേർന്ന് വാഹനങ്ങളുടെ ബ്രേക്ക് ഡിസ്കുകളെയും സസ്പെൻഷൻ ജോയിന്റുകളെയും നശിപ്പിക്കുന്നു. ഇത് കൂടാതെ, സെൻസറുകൾക്ക് തകരാർ സംഭവിക്കാനും വാഹനം സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട് നേരിടാനും ഇത് ഇടയാക്കും. കാറിനുള്ളിലെ സീറ്റുകളിലും ഡോർ പാനലുകളിലും ഈർപ്പം അടിയുന്നത് വഴി ദുർഗന്ധം വരാൻ സാധ്യതയുണ്ട്. കൂടാതെ, എസി വെന്റുകളിൽ അഴുക്ക് അടിഞ്ഞുകൂടി സൂക്ഷ്മാണുക്കൾ വളരുന്നത് വഴിയും മോശം മണം വമിക്കാം.
ALSO READ: ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരാണോ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടങ്ങളുണ്ടാകും
ഈ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധി വരെ നിങ്ങളുടെ വാഹനത്തെ സംരക്ഷിക്കാൻ ചില വഴികളുണ്ട്. കടലോര പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അണ്ടർബോഡി പ്രൊട്ടക്ഷൻ അല്ലെങ്കിൽ ആന്റി-റസ്റ്റ് കോട്ടിംഗ് നിർബന്ധമായും ചെയ്തിരിക്കണം. കാർ നേരിട്ട് കടൽക്കാറ്റ് ഏൽക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി, ഷെഡ് അല്ലെങ്കിൽ ഗാരേജ് ഉപയോഗിക്കുന്നത് മികച്ചതാണ്. വാഹനം എപ്പോഴും കഴുകി വൃത്തിയാക്കുകയും അണ്ടർബോഡി ക്ലീനിങ്ങ് നടത്തുകയും വേണം. എസി വെന്റുകൾ വൃത്തിയാക്കാൻ കോട്ടൺ തുണിയോ സ്പോഞ്ചോ ഉപയോഗിക്കാം. തീരപ്രദേശങ്ങളിൽ ഉള്ളവർ വാഹനം വാങ്ങുമ്പോൾ തന്നെ കോറോഷൻ വാറന്റി ലഭ്യമാണോ എന്ന് പ്രത്യേകം പരിശോധിക്കണം. കൃത്യമായ പരിപാലനത്തിലൂടെയും ആന്റി-റസ്റ്റ് ചികിത്സകളിലൂടെയും നിങ്ങളുടെ വാഹനത്തെ വർഷങ്ങളോളം തിളക്കമുള്ളതാക്കി നിലനിർത്താം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


