
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആപ്പായ യുടിഎസ് റെയിൽവേ നിർത്തലാക്കുന്നു. മാർച്ച് 1 മുതൽ യുടിഎസ് ആപ്പ് പ്രവർത്തനരഹിതമാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല ഈ ആപ്പിന് പകരം റെയിൽവേയുടെ പുതിയ ആപ്പ് ആയ റെയിൽ വണിലേക്ക് യാത്രക്കാർ മാറണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.
റിസർവ് ചെയ്ത ടിക്കറ്റുകൾക്കും അല്ലാത്തവയ്ക്കും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾക്കും വെവ്വേറെ ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ യുടിഎസ് ആപ്പിൽ പുതിയ സീസൺ ടിക്കറ്റുകൾ എടുക്കുന്നതും പുതുക്കുന്നതും റെയിൽവേ തടഞ്ഞിട്ടുണ്ട്. ഐആർസിടിസി റെയിൽ കണക്ട്, യുടിഎസ് എന്നീ ആപ്പുകളുടെ സേവനങ്ങൾ ഇനി മുതൽ ഈ ഒരൊറ്റ ആപ്പിൽ ലഭിക്കും.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽ വൺ ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 3 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി പണമടയ്ക്കുന്നവർക്ക് 2026 ജൂലൈ 14 വരെ ഈ ആനുകൂല്യം ലഭ്യമാണ്. റിസർവേഷൻ ടിക്കറ്റുകൾ, അൺറിസർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ എന്നിവയെല്ലാം ഈ ആപ്പിലൂടെ എടുക്കാം.
നിലവിൽ യുടിഎസ് ഉപയോഗിക്കുന്നവർക്ക് അതേ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് റെയിൽവണ്ണിൽ പ്രവേശിക്കാം. പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനും പാഴ്‌സൽ ബുക്കിങ്, റെയിൽ മദാദ് സഹായം, ട്രെയിൻ ട്രാക്കിങ്, ലിവ് ട്രെയിൻ സ്റ്റാറ്റസ്, ഭക്ഷണ വിതരണം എന്നിവയും ഈ സൂപ്പർ ആപ്പിൽ ഉണ്ടാകും.
മാർച്ച് ഒന്ന് മുതൽ യുടിഎസ് സേവനം ലഭിക്കാത്തത് കൊണ്ട് സ്ഥിരം യാത്രക്കാർ എത്രയും വേഗം റെയിൽവൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ പുതിയ ആപ്പ് ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

