
ദില്ലി: വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് രാജ്യത്ത് പുറത്തിറക്കുന്നത് വൈകും. നേരത്തെ ഒക്ടോബറിൽ വന്ദേഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുമെന്നാണ് റെയിൽവേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് റെയിൽവേയ്ക്ക് പാലിക്കാനാകാതെ വന്നിരിക്കുകയാണ്. നിർമ്മാണത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉടലെടുത്തതായാണ് വിവരം. വന്ദേഭാരത് സ്ലീപ്പറിന്‍റെ ഇന്റീരിയര്‍ ഫര്‍ണിഷിങ്ങ്, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു ചില പ്രശ്നങ്ങളുണ്ടെന്നാണ് മണികൺട്രോളിൽ വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം നിർമ്മാണം പൂർത്തിയാക്കേണ്ടതെന്ന് റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വന്ദേഭാരത് നിർമാണം വൈകുന്നത്. സ്ലീപ്പർ ബെർത്തുകളിൽ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കൂടാതെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ വിൻഡോ, ഡോർ എന്നിവയുടെ ഹാൻഡിലുകൾ ഘടിപ്പിക്കുന്നതിൽ മാറ്റം വേണമെന്ന നിർദേശമുണ്ട്. കോച്ച് ശുചീകരണത്തിന് സഹായിക്കുംവിധം ഇത് മാറ്റണമെന്നാണ് മറ്റൊരു പ്രധാന നിർദേശം.
നിലവിൽ നിർമാണം അന്തിമഘട്ടത്തിലായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ സുരക്ഷ കൂടുതൽ മെച്ചപ്പെടണമെന്നതാണ് മറ്റൊരു നിർദേശം. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിനുള്ള കവച് 4.0 സംവിധാനം വന്ദേഭാരത് സ്ലീപ്പറിൽ ഉണ്ടാകണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇതിലൂടെ ലോക്കോ പൈലറ്റും ട്രെയിന്‍ മാനേജരും സ്റ്റേഷന്‍ മേധാവിയും തമ്മിലുള്ള മികച്ച ആശയവിനിമയം സാധ്യമാക്കാനാകുമെന്നും വിലയിരുത്തുന്നു.
നിലവില്‍ വന്ദേഭാരത് സ്ലീപ്പറിന്‍റെ ആദ്യ റേക്ക് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ റെയിൽവേ ബോർഡ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ റേക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

