
ഇന്ത്യൻ വിപണിയിൽ മിഡ്-സൈസ് എസ്‌യുവി തരംഗത്തിന് തുടക്കം കുറിച്ച റീനോ ഡസ്റ്റർ മടങ്ങിയെത്തുന്നു. 2022-ൽ വിപണിയിൽ നിന്ന് പിൻവലിച്ച ഡസ്റ്ററിന്റെ പുതിയ തലമുറ മോഡൽ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് റീനോ ഒരുങ്ങുന്നത്. 2012-ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറിയ ഡസ്റ്റർ, തുടക്കത്തിൽ വലിയ വിജയമായിരുന്നെങ്കിലും പിന്നീട് വിൽപ്പന ഇടിഞ്ഞതിനെ തുടർന്നാണ് ഉത്പാദനം നിർത്തലാക്കിയത്.
ഹ്യൂണ്ടായ് ക്രെറ്റയും കിയ സെൽട്ടോസും എത്തിയതോടെ ഡസ്റ്ററിന്റെ ജനപ്രീതി കുറയുകയായിരുന്നു. എന്നാൽ നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ യാത്രാവാഹന വിഭാഗങ്ങളിലൊന്നായി മിഡ്-സൈസ് എസ്‌യുവികൾ മാറിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 5 ലക്ഷത്തിലധികം യൂണിറ്റുകളാണ് ഈ വിഭാഗത്തിൽ വിറ്റഴിക്കപ്പെട്ടത്. 2024-25-ൽ ഇത് 6.09 ലക്ഷം യൂണിറ്റായി ഉയർന്നു.
പുതിയ ഡസ്റ്റർ ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽട്ടോസ്, ടാറ്റ സിയറ, ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാക്ക്, വോൾക്‌സ്‌വാഗൺ ടൈഗൺ തുടങ്ങിയ ശക്തരായ എതിരാളികളെയാണ് നേരിടുക. നിലവിൽ ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മൂന്ന് മോഡലുകൾ മാത്രമുള്ള റീനോയ്ക്ക് പുതിയ ഡസ്റ്റർ നിർണായകമായൊരു ലോഞ്ചാണ്.
കൂടുതൽ കരുത്തും സുരക്ഷയും മെച്ചപ്പെട്ട റൈഡ് കംഫർട്ടും പുതിയ വാഹനത്തിൽ പ്രതീക്ഷിക്കുന്നു. പുറംഭാഗത്ത് കൂടുതൽ റഗ്ഗഡ് എസ്‌യുവി ലുക്ക്, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഗ്രിൽ, വലുതായ അലോയ് വീലുകൾ എന്നിവ ഉണ്ടാകും. അകത്ത് വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ–ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് എന്നിവ പ്രതീക്ഷിക്കാം.
Also Read: റൊണാള്‍ഡോയില്‍ നിന്ന് പ്രചോദനം? വിരമിക്കല്‍ പിന്‍വലിച്ച് പോർച്ചുഗീസ് സൂപ്പർതാരം വീണ്ടും കളത്തിലേക്ക്
സുരക്ഷക്കായി എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുൾപ്പടെയുള്ള ഫീചേഴ്സ് ഉണ്ടാകും . ഇന്ത്യയിൽ ടർബോ പെട്രോൾ എൻജിനുകളായിരിക്കും പ്രധാനമായും ലഭിക്കുക. പുതിയ ഡസ്റ്ററിന്റെ വില 10 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) ആയിരിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് മാർച്ചോടെ നടക്കാനിടയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

