
വിവാദങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്‌കാരങ്ങളുമായി പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്. ചട്ടവിരുദ്ധമായി സർവകലാശാലകളിൽ നേരിട്ട് സന്ദർശനം നടത്താൻ നീക്കം. നാളെ സാങ്കേതിക സർവകലാശാലയിലാണ് ആദ്യ സന്ദർശനം. വകുപ്പ് മന്ത്രിയെ മറികടന്ന് അമിതാധികാരപ്രയോഗം നടത്താൻ ബി അശോക് നീക്കം നടത്തുന്നു എന്നാണ് വിമർശനം.
സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അധികാരമില്ല. സ്വയംഭരണാവകാശമുള്ള സ്വതന്ത്ര സ്ഥാപനങ്ങളാണ് സർവകലാശാലകൾ. നയപരമായ വിഷയങ്ങളിൽ പ്രോ വൈസ് ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഇടപെടാം എങ്കിലും ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടുന്ന കീഴ്വഴക്കം നിലവിലില്ല. ഇതിന് വിരുദ്ധമായാണ് സർവ്വകലാശാലകളിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് ഒരുങ്ങുന്നത്.
എല്ലാ സർവകലാശാലകളിലും നേരിട്ട് സന്ദർശനം നടത്താനാണ് ബി അശോകിന്റെ നീക്കം. ഇതിന്റെ ഭാഗമായി സാങ്കേതിക സർവകലാശാലയിൽ നാളെ ആദ്യ സന്ദർശനം നടത്തും. പ്രധാനപ്പെട്ട ഫയൽ വിവരങ്ങൾ പരിശോധിക്കുന്നതിനും നീക്കമുണ്ടെന്നാണ് സൂചന. എന്നാൽ സർവകലാശാലയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് സന്ദർശനം എന്നാണ് വിശദീകരണം.
അതേസമയം, ബി അശോകിന്റെ നീക്കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയാണ് സർവകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ. സർവകലാശാല വിഷയങ്ങളിൽ ഇടപെടാൻ സെക്രട്ടറിക്ക് അധികാരമില്ലെന്നും ബി അശോകിന്റെ നീക്കം ചട്ടവിരുദ്ധമെന്നും ആരോപണം ഉയർന്നുകഴിഞ്ഞു.
സർവകലാശാലകളിലെ വൈസ് ചാൻസിലർമാർ, രജിസ്ട്രാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ബി അശോക് നേരത്തെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വിവാദമായിരുന്നു. അറിയിപ്പുകൾ നൽകാൻ എന്നായിരുന്നു ഇതിനുള്ള വിശദീകരണം. എന്നാൽ വകുപ്പ് ഉത്തരവിറക്കുക എന്നതിനപ്പുറത്തേക്ക് ദൈനംദിന വിഷയങ്ങളിൽ വാട്സ്ആപ്പ് വഴി അറിയിപ്പുകൾ നൽകേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കില്ല. പുതിയ പരിഷ്കാരങ്ങൾ വഴി സർവകലാശാലകളിൽ അമിതാധികാരപ്രയോഗം നടത്താനാണ് വകുപ്പ് സെക്രട്ടറിയുടെ നീക്കം എന്നാണ് ഉയരുന്ന ആക്ഷേപം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

