
പാവപ്പെട്ടവരുടേയും, അരികുവത്ക്കരിക്കപ്പെടുന്നവരുടേയും നാവായി മാറാന്‍ എം സ്വരാജിന് കഴിയുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഉപാധികളില്ലാതെ നിങ്ങളെ കേള്‍ക്കുവാനും അറിയുവാനും സ്വരാജിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നഷ്ടബോധത്തിന്റെ തീഷ്ണതയില്‍ നിന്നുകൊണ്ട് ഒരു തൃപ്പൂണിത്തുറക്കാരന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും സ്വരാജിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read : Also Read : കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയിൽ പുറകോട്ട് പോകാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി
ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:
2016 മുതല്‍ 2021 വരെ ഞാന്‍ താമസിക്കുന്ന തൃപ്പൂണിത്തുറയിലെ എം എല്‍ എ ആയിരുന്നു, എം സ്വരാജ്. 21-ലെ തെരെഞ്ഞെടുപ്പില്‍ സ്വരാജിന്റെ മുഖ്യഎതിരാളി, 16-ലെ തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തോട് തോറ്റുപോയ കെ ബാബു തന്നെയായിരുന്നു. രണ്ടാംവട്ടവും സ്വരാജിന്റെ വിജയം എന്നെപ്പോലുള്ളവര്‍ ഏറെക്കുറെ മനസ്സിലുറപ്പിച്ചതായിരുന്നു. 2016 മുതല്‍ 2021 വരെ, കേരള നിയമസഭയില്‍ മുഴങ്ങിക്കേട്ട ഏറ്റവും കാമ്പുള്ള, ജനാധിപത്യത്തിന്റെ സൗന്ദര്യവും നിര്‍ഭയത്വവും നിറഞ്ഞ പ്രസംഗങ്ങളുടേയും ഇടപെടലുകളുടേയും കണക്കെടുത്താല്‍, സ്വരാജിന്റെ ഒട്ടുമിക്കവാറും എല്ലാ പ്രസംഗങ്ങളും ആ പട്ടികയിലിടം പിടിക്കും. ഗൃഹപാഠോത്സുകതയും, സൂക്ഷ്മനിരീക്ഷണപാടവവും, ഭാഷാനൈപുണ്യവും, പ്രത്യശാസ്ത്രദാര്‍ഡ്യവും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത സ്വരാജിന്റെ ഭാഷണചാരുത സമാനതകളില്ലാത്തതായിരുന്നു. വ്യക്ത്യാധിക്ഷേപങ്ങളിലോ, അപരപുച്ഛത്തിന്റെ വിഷം നുരയുന്ന പരിഹാസങ്ങളിലോ, വൈറലാവാന്‍ വെമ്പുന്ന അന്തസാരശൂന്യമായ ‘വണ്‍ ലൈനറു’കളിലോ അല്ല സ്വരാജിന്റെ വാക്കുകളും വാദങ്ങളും പരുവപ്പെട്ടത്. വസ്തുതകളുടെ പിന്‍ബലമുള്ള ഖണ്ഡനങ്ങളിലും, അനുരഞ്ജനമില്ലാത്ത പ്രത്യയശാസ്ത്രബോധ്യങ്ങളിലുമാണ് അവ മൂര്‍ച്ചപ്പെട്ടത്. കല്ലുവെച്ച നുണകളേയും വര്‍ഗ്ഗീയവെറികളേയും ഫാഷിസ്റ്റ് ഭീകരതയേയും വെറുപ്പിന്റെ വെല്ലുവിളികളേയും സ്വരാജ് നേരിട്ടത് സ്ഥുടം ചെയ്‌തെടുത്ത ചരിത്രബോധത്താലും യുക്തിപരതയുടെ കണിശതയാലും ആയിരുന്നു. എം എല്‍ എ എന്ന നിലയില്‍ തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ പ്രവര്‍ത്തനങ്ങള്‍, ഒരു വോട്ടര്‍ എന്ന നിലയില്‍ ഞാന്‍ വിലയിരുത്തിയപ്പോള്‍ തെളിഞ്ഞുവന്നത് ചെയ്യാന്‍ കഴിയുന്നത് പറയുകയും, പറയുന്നത് ചെയ്യുകയും ചെയ്യുന്ന ഒരു ജനപ്രതിനിധിയുടെ ചിത്രമാണ്.ടോള്‍ഭീകരതയില്‍ നിന്ന് തൃപ്പൂണിത്തുറയെ മോചിപ്പിച്ചത് സ്വരാജ് ആയിരുന്നു. പിന്നീട്, കേരളമൊട്ടാകെ ടോള്‍ പിരിവ് നിറുത്തുവാനുള്ള പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് തൃപ്പൂണിത്തുറയിലെ ആ ഇടപെടലായിരുന്നു. വര്‍ഷങ്ങളായി നീട്ടിവെയ്ക്കപ്പെട്ട അന്ധകാരനാഴിത്തോടിന്റെ ശുചീകരണം യാഥാര്‍ത്ഥ്യമായത് സ്വരാജിന്റെ ഇച്ഛാശക്തിയിലായിരുന്നു. സ്‌കൂളുകളുടെ നവീകരണമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്താന്‍ മുതിരുന്നില്ല.
എന്നിട്ടും, സ്വരാജ് തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക്.
സ്വരാജിനെതിരെ പ്രയോഗിച്ചത് കറതീര്‍ന്ന, മറയില്ലാത്ത വര്‍ഗ്ഗീയതയായിരുന്നു. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കിട്ടിയതില്‍നിന്ന് ഏഴായിരം വോട്ടുകള്‍ കുറവ്. ആ വോട്ടുകള്‍ ലാഭമാക്കി മാറ്റിയവരുടെ വിജയാഹ്ലാദം കേരളരാഷ്ട്രീയത്തിലെ വലിയൊരശ്ലീലമായിരുന്നു. വര്‍ഗ്ഗീയതയ്‌ക്കൊപ്പം, അടക്കം പറച്ചിലുകളായി, പരാപവാദകുശിനിയില്‍ മറ്റൊരാഖ്യാനം കൂടി പാകം ചെയ്യപ്പെട്ടു. സ്വരാജ്, മുന്‍ എം എല്‍ എയെപ്പോലെ ‘ജനകീയന’ല്ലത്രെ. ശരിയാണ്. വെളുത്ത പൊള്ളച്ചിരിയോടെയോ, എടുത്തണിഞ്ഞ വിഷാദഭാവത്തോടെയോ സ്വരാജിനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അയാള്‍ അയാളുടെ നേരിലും നെറിയിലും കാലൂന്നി, പ്രത്യശാസ്ത്ര സ്ഥിരതയോടെ അയാളായിത്തന്നെ നിന്നു. ഈ നാലുവര്‍ഷം തങ്ങള്‍ക്ക് നഷ്ടമായതെന്തെന്ന് തൃപ്പൂണിത്തുറക്കാര്‍ ഇന്ന് തിരിച്ചറിയുന്നുണ്ട്. നിയമസഭയില്‍ ഞങ്ങളുടെ ശബ്ദം ഇപ്പോള്‍ കേള്‍ക്കുന്നില്ല. ‘സ്വരാജിനെ പരാജയപ്പെടുത്തിയവരാണ് നമ്മള്‍’ എന്ന് ആത്മനിന്ദയോടെ ഏറ്റുപറയുന്ന എത്രയോ ആളുകളെ എനിക്കറിയാം. ഞങ്ങളുടെ തെറ്റ് തിരുത്തുവാന്‍ ചരിത്രം നിലമ്പൂര്‍ക്കാരെയാണ് കണ്ടിരിക്കുന്നത്. സ്വരാജ് നിങ്ങളുടെ നാട്ടുകാരനാണ്. നിങ്ങളിലൊരുവനാണ്. ഉപാധികളില്ലാതെ നിങ്ങളെ കേള്‍ക്കുവാനും അറിയുവാനും സ്വരാജിന് കഴിയും. പാവപ്പെട്ടവരുടേയും, അരികുവത്ക്കരിക്കപ്പെടുന്നവരുടേയും നാവായി മാറാന്‍ അയാള്‍ക്ക് കഴിയും. വര്‍ഗ്ഗീയാന്ധതയുടെ ഹതാശമായ നീണ്ട രാത്രികളില്‍, അയാളുടെ വാക്കുകകള്‍ക്ക് മാനവികതയുടെ ചെറുനക്ഷത്രങ്ങളാവാന്‍ കഴിയും. ചൂഷണമായിത്തീരാത്ത വികസനത്തെ കുറിച്ചുള്ള അയാളുടെ രാഷട്രീയ കാഴ്ച്ചപ്പാടുകള്‍ നിലമ്പൂരിനെ മുന്നോട്ട് നയിക്കും.
നഷ്ടബോധത്തിന്റെ തീഷ്ണതയില്‍ നിന്നുകൊണ്ട് ഒരു തൃപ്പൂണിത്തുറക്കാരന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്: സ്വരാജിനെ തെരെഞ്ഞെടുക്കൂ, ചേര്‍ത്ത് നിറുത്തൂ.
സ്‌നേഹാദരങ്ങളോടെ, ഉണ്ണിക്കൃഷ്ണന്‍ ബി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

