
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ശ്രീതുവിന്‍റെ അറസ്റ്റിനെ തുടർന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജ നിയമന ഉത്തരവ് തയാറാക്കാൻ ശ്രീതുവിന് പുറത്തുനിന്നു സഹായം കിട്ടിയെന്ന് പൊലീസ്. കുറ്റകൃത്യത്തിൽ ശ്രീതു ഒറ്റക്കല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോർഡിൽ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്. ദേവസ്വം സെക്ഷൻ ഓഫിസർ എന്ന പേരിലാണ് ശ്രീതു ഇത് തയ്യാറാക്കിയത്.
ഒരു വർഷം മുമ്പ് ഷിജുവിന് ‘ഉത്തരവ്’ കൈമാറിയിരുന്നു. 28000 രൂപ ശമ്പളം എന്നാണ് ഉത്തരവിൽ ഉള്ളത്. ശ്രീതുവിന്‍റെ ഒഫീഷ്യൽ ഡ്രൈവർ എന്നാണ് പറഞ്ഞത്. ദേവസ്വം ബോർഡ് ഓഫിസിന് മുന്നിൽ എന്നും കാറുമായി എത്താൻ നിർദേശിച്ചു. അവിടെ വെച്ച് ശ്രീതു കാറിൽ കയറും. ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫിസിൽ കയറ്റിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
ഇടക്ക് ശമ്പളം കുടിശിക വന്നു. പരാതിപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ ഒരുമിച്ചു നൽകി. കുഞ്ഞു മരിച്ചപ്പോഴാണ് ഷിജുവിന് തട്ടിപ്പെന്നു മനസ്സിലായതെന്നും പൊലീസ് പറഞ്ഞു. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പോലീസിന് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സഹായികളെ ചോദ്യം ചെയ്യും. നിലവിൽ ശ്രീതുവിനെതിരെ പത്തു പേരാണ് പരാതിപ്പെട്ടിരിക്കുന്നത്. എന്നാൽ ഭൂരിഭാഗം പേരും രേഖാ മൂലം പരാതി നൽകിയിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here