
തിരുവനന്തപുരത്തെ കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ മിഠായി വിതരണ വിവാദത്തിൽ വി മുരളീധരനെതിരെ പ്രതികരണവുമായി ബാലസംഘം. കേരളം നേടിയെടുത്ത ആധുനിക സംസ്കാരത്തിന് മുകളിൽ ചാതുർവർണ്യത്തിന്റെ ചർദ്ദിലുകൾ വീണ്ടും വിതറാനാണ് വി മുരളീധരൻ ശ്രമിച്ചതെന്ന് ബാലസംഘം വിമർശിച്ചു. ജനാധിപത്യ സമൂഹത്തിലെ ജനപ്രതിനിധികൾക്ക് അനുയോജ്യമല്ലാത്ത വിധത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കുന്നതിനു പകരം ഡസ്കിൽ വിതറി കൊടുക്കുന്ന കാഴ്ച പ്രാകൃതകാലത്തെ തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും ഓർമ്മപ്പെടുത്തുന്നതാണ്. ജാതിശ്രേണിയുടെ മേൽ കീഴ് ബന്ധത്തെ ഇപ്പോഴും ഉള്ളിൽ പേറുന്നതിന്റെ തനിയാവർത്തനവുമാണിതെന്ന് ബാലസംഘം പറഞ്ഞു.
സംഭവം നടന്നപ്പോൾ അതിൽ പ്രതികരിക്കാതെ നോക്കി നിന്ന പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി തുളസിയെയും ബാലസംഘം വിമർശിച്ചു. നമ്മുടെ സമൂഹത്തിൽ ജാതി മേധാവിത്വം ഇപ്പോഴും നിലനിൽക്കുന്നു എന്നതിൻ്റെ തെളിവായാണ് മന്ത്രി തുളസിയുടെ ചിരിയെ നാം നോക്കി കാണേണ്ടതെന്നും ബാലസംഘം പറഞ്ഞു. നമ്മുടെ സാംസ്കാരത്തിൽ കലർന്ന ഈ ജാതി ബോധത്തെയും, ചാതുർവർണ്യ വ്യവസ്ഥയെയും പൂർണ്ണമായും പുറന്തള്ളാൻ പുതിയ തലമുറയ്ക്ക് കഴിയേണ്ടതുണ്ടെന്നും ബാലസംഘം ഓർമിപ്പിച്ചു.
നവോത്ഥാനം എന്ന വിമർശന ചിന്തയിലൂടെയാണ് ഇന്ത്യയിലുടനീളം സംഘപരിവാർ ഉയർത്തിപ്പിടിക്കുന്ന ചാതുർ വർണ്യ രാഷ്ട്രീയത്തെ കേരളം നേരത്തേ പരാജയപ്പെടുത്തിയതെന്ന് ബാലസംഘം പറഞ്ഞു. കുട്ടികളെ അയിത്ത മനോഭാവത്തോടെ നോക്കി കണ്ട ബിജെപി നേതാവ് വി മുരളീധരൻ എം.എൽ.എക്കെതിരെ ആധുനിക സമൂഹം പ്രതികരിക്കണമെന്നും ഇത്തരം സംഭവങ്ങളെ തടുക്കാൻ വിമർശനാത്മക പഠനത്തിലൂടെ കുട്ടികൾക്ക് കഴിയണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

