ശക്തമായ പ്രതിഷേധം; മണിപ്പൂരില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം

മണിപ്പൂരില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിച്ചു. മണിപ്പൂരിലെ ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലകളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

‘ക്രമസമാധാന ലംഘനം, പൊതു ജീവിതത്തിന് തടസം വരുത്തല്‍, മനുഷ്യജീവനും സ്വത്തിനും അപകടം, എന്നിവ തടയുന്നതിനാണ് ഈ നടപടികള്‍ നടപ്പിലാക്കിയതെന്ന് ബിഷ്ണുപൂര്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.ക്രമസമാധാന പ്രശ്‌നത്തിനും പൊതു ജീവിതത്തിന് തടസം വരുത്താനും മനുഷ്യജീവനും പൊതു സ്വത്തുക്കള്‍ക്കും അപകടമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത്, ആദിവാസി ആധിപത്യമുള്ള ജില്ലയില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധന ഏര്‍പ്പെടുത്തുന്നതായി ചുരാചന്ദ്പൂരിലെ ജില്ലാ മജിസ്ട്രേറ്റും ഉത്തരവിറക്കി.

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഒരു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്ന വേദി ജനക്കൂട്ടം നശിപ്പിക്കുകയും തീയിടുകയും ചെയ്തതിന് ശേഷം പ്രദേശത്ത് സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി തുടരുകയാണ് . സംരക്ഷിത വനമേഖലയില്‍ നിന്ന് കുകി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലി, ചുരാചന്ദ്പൂര്‍ ജില്ലയിലെ ന്യൂ ലാംകയില്‍ നടന്ന പ്രതിഷേധത്തിനും തീവെപ്പിനും പിന്നാലെയാണ് ജില്ലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here