
മലയാള സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സ്റ്റാർ ആയി നിൽക്കുന്ന നടന്മാരിൽ ഒരാളാണ് ബേസിൽ ജോസഫ്. താൻ മുഖം കാണിക്കുന്ന വീഡിയോകൾ എല്ലാം വൈറലാക്കുക എന്നൊരു ശീലമുള്ള ബേസിലിന്റെ അശ്വമേധം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയുടെ അശ്വമേധം പരിപാടിയിൽ ജി എസ് പ്രദീപിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ നിൽക്കുന്ന പതിനാലുകാരൻ ബേസിലിന്‍റെ വീഡിയോ വൈറൽ ആയിരുന്നു.
ഇപ്പോൾ ഇതിന് മറുപടി പോസ്റ്റുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്‍റെ താര സംവിധായകൻ. ‘തനിക്ക് ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്’ എന്ന ക്യാപ്ഷ്യനോടെ ഗിറ്റാറും പിടിച്ച് നിൽക്കുന്ന തന്റെ കുട്ടിക്കാല ചിത്രമാണ് ബേസിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, സോഷ്യല്‍മീഡിയയില്‍ വൈറലായ ബേസില്‍ ജോസഫിന്റെ പഴയ അശ്വമേധം വീഡിയോയില്‍ കൈരളി ചാനലിന് ‘നന്ദി’ പറഞ്ഞ് അദ്ദേഹത്തിന്റെ സഹോദരി രംഗത്തെത്തി. കുറേകാലമായി ഈ വീഡിയോ തപ്പുന്നുവെന്നും വീഡിയോ കുത്തിപ്പൊക്കിത്തന്ന കൈരളിക്ക് അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും സഹോദരി ഷിൻസി ജോബി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
വയനാട് നടന്ന അശ്വമേധം മെഗാ ഷോയിലാണ് ബേസിൽ പങ്കെടുത്തത്. അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ബേസിലിൻ്റെ പ്രായം 14. ബേസിൽ മനസ്സിൽ കണ്ട ആളുടെ പേര് പറയാൻ ജി എസ് പ്രദീപിന് 17 ചോദ്യങ്ങൾ വേണ്ടിവന്നു. അത്രയൊന്നും എളുപ്പത്തിൽ ബേസിൽ പിടികൊടുക്കാതെ മുന്നോട്ട് പോയത് കാണികളെയും അമ്പരപ്പിച്ചു. ഇന്ത്യകണ്ട മഹാനായ നര്‍ത്തകന്‍ ഉദയശങ്കര്‍ജിയെയായിരുന്നു അന്ന് ബേസിൽ മനസ്സിൽ കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here