ക്യാപ്റ്റൻ ഔട്ട്; ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സൂര്യകുമാർ യാദവിനെ നീക്കി, ടീമിൽ നിന്ന് പുറത്താക്കാനും സാധ്യത

BCCI Reportedly Removes Suryakumar Yadav as T20 Captain After World Cup Win

ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് എത്തിച്ച സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നീക്കി ബിസിസിഐ. താരത്തെ ടീമിൽ നിന്നും പുറത്താക്കാനും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. പുതിയ ക്യാപ്റ്റനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും. സൂര്യകുമാർ യാദവിന്റെ നായകത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് ജേതാക്കളായി മൂന്ന് മാസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ക്യാപ്റ്റൻസി നഷ്ടമാകുന്നത്.

35-കാരനായ സൂര്യകുമാറിനെ ഒരു താൽക്കാലിക നായകനായിട്ടാണ് ബിസിസിഐ കണ്ടിരുന്നതെന്നാണ് സൂചനകൾ. 2028-ലെ ടി20 ലോകകപ്പും ഒളിമ്പിക്സും ലക്ഷ്യമിട്ട് ടീമിനെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അടുത്തിടെ നടന്ന ഐപിഎല്ലിലെ മോശം ഫോമും പരുക്കും സൂര്യകുമാറിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ ഏഷ്യൻ ഗെയിംസിനുള്ള സാധ്യതാ പട്ടികയിൽ നിന്ന് സൂര്യകുമാറിനെ ഒഴിവാക്കിയതും അദ്ദേഹം ബിസിസിഐയുടെ ദീർഘകാല പദ്ധതികളിൽ ഇല്ല എന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ALSO READ: ‘ചരിത്രം പച്ചക്കള്ളം പറഞ്ഞ് മായ്ക്കാനാവില്ല’; ചെല്ലാനത്തെ കുറിച്ചുള്ള മുഹമ്മദ് ഷിയാസിന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് കെ.ജെ. മാക്സി

സൂര്യകുമാറിന് പകരം നായകസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത് ശ്രേയസ് അയ്യരെയാണ്. എന്നാൽ മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരുടെ പേരുകളും സെലക്ടർമാരുടെ പരിഗണനയിലുണ്ട്. ഐപിഎല്ലിൽ മികച്ച രീതിയിൽ ടീമിനെ നയിച്ച പരിചയം സഞ്ജുവിനും ഇഷാൻ കിഷനും ഗുണകരമായേക്കും. നിലവിൽ ഏകദിന, ടെസ്റ്റ് നായകനായ ശുഭ്മാൻ ഗില്ലിനെ മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

രണ്ട് വർഷം മുൻപ് ഹാർദിക് പാണ്ഡ്യയെ മറികടന്നാണ് സൂര്യകുമാർ നായകസ്ഥാനത്തെത്തിയത്. അദ്ദേഹത്തിന് കീഴിൽ കളിച്ച എല്ലാ ടി20 പരമ്പരകളും ഇന്ത്യ വിജയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യ ഇത്തവണ ടി20 ലോകകപ്പും നേടിയത്. ലോകകപ്പ് ജയിച്ച ഉടനെ ഒരു നായകനെ മാറ്റുന്നത് കടുത്ത തീരുമാനമാണെന്ന അഭിപ്രായം ഒരു വിഭാഗം ക്രിക്കറ്റ് വൃത്തങ്ങൾക്കിടയിലുണ്ട്.

എങ്കിലും, രണ്ട് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന ലോകകപ്പും ഒളിമ്പിക്സും മുന്നിൽ കണ്ട് യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ബിസിസിഐയും ഹെഡ് കോച്ച് ഗൗതം ഗംഭീറും ലക്ഷ്യമിടുന്നത്. മുൻ സെലക്ടർ ദേവാങ് ഗാന്ധിയുടെ അഭിപ്രായപ്രകാരം, അടുത്ത രണ്ട് വർഷം മുൻപിൽ കണ്ട് ടീമിനെ നയിക്കാൻ ശേഷിയുള്ള ഒരാളെയാണ് ഇന്ത്യ കണ്ടെത്തേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News