
ബെംഗളൂരുവിലെ ബഗലൂരിൽ ‘സോംബി ഡ്രഗ്’ എത്തിയെന്ന അഭ്യൂഹങ്ങൾ തള്ളി പൊലീസ്. ഒരു മനുഷ്യൻ ദീർഘനേരം അനങ്ങാതെ നിൽക്കുന്നത് കാണുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നഗരത്തിൽ ‘സോംബി ഡ്രഗ്’ എത്തിയെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ, ഈ പ്രചരണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു.
വീഡിയോ വൈറലായതോടെ ആണ് ആളുകൾ ഇത്തരത്തിൽ പ്രചാരണങ്ങൾ നടത്തിയത്. ബഗലൂർ പോലീസ് യെലഹങ്കയിലെ നിട്ടെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സമീപത്തുനിന്ന് വീഡിയോയിലെ വ്യക്തിയെ കണ്ടെത്തുകയും വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഇയാളുടെ ശരീരത്തിൽ മയക്കുമരുന്നിന്റെയോ മറ്റ് ലഹരിവസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
ALSO READ: വീടിനുള്ളിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു
സന്ധിവേദനയ്ക്കും മറ്റും കാരണമാകുന്ന വാതസംബന്ധമായ അസുഖത്തിന് കഴിക്കുന്ന മരുന്നിനൊപ്പം മദ്യം കൂടി ഉപയോഗിച്ചതാണ് അദ്ദേഹത്തിന് അത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാൻ കാരണമായത്. കൂടുതൽ അന്വേഷണത്തിൽ, ഉപജീവനമാർഗ്ഗം തേടിയാണ് ഇയാൾ ബെംഗളൂരുവിലെത്തിയതെന്നും “കഴിഞ്ഞ മൂന്ന് മാസമായി നഗരത്തിൽ താമസിക്കുന്നുണ്ടെന്നും” അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

