
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മരണവാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യാജമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. പ്രധാനമന്ത്രി വധിക്കപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതിനെത്തുടർന്നാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ച് നെതന്യാഹു പങ്കുവെച്ച ഒരു വീഡിയോയാണ് സംശയങ്ങൾക്ക് കാരണമായത്. വീഡിയോയിൽ അദ്ദേഹത്തിന്റെ വലതുകൈയ്യിൽ ആറ് വിരലുകൾ ഉള്ളതായി ചിലർ ചൂണ്ടിക്കാട്ടി, ഇത് വീഡിയോ AI നിർമ്മിതമാണെന്ന വാദത്തിന് കരുത്തേകി. വീഡിയോയുടെ 0:35 സമയത്ത് കൈകൾ ഉയർത്തുമ്പോൾ ചെറുവിരലിനോട് ചേർന്ന് അധിക മാംസം കാണപ്പെടുന്നത് ഒരു ‘ക്ലാസിക് AI ഫിംഗർ ഗ്ലിച്ച്’ ആണെന്ന് പലരും വാദിച്ചു. പശ്ചാത്തലത്തിലെ കർട്ടനുകളുടെ ചലനവും ഇസ്രായേൽ പതാകകൾ നിശ്ചലമായിരിക്കുന്നതും വീഡിയോ വ്യാജമാണെന്നതിന് തെളിവായി ചിലർ നിരീക്ഷിച്ചു. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകയായ കാൻഡേസ് ഓവൻസും ഈ വീഡിയോയുടെ ആധികാരികതയെയും വൈറ്റ് ഹൗസിലെ പരിഭ്രാന്തിയെയും ചോദ്യം ചെയ്ത് രംഗത്തെത്തി.
ALSO READ: ഖാർഗ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ
എക്സിലെ AI ചാറ്റ്ബോട്ടായ ഗ്രോക്ക് ഈ വാദങ്ങൾ തള്ളിക്കളഞ്ഞു. നെതന്യാഹുവിന് ആറ് വിരലുകളില്ലെന്നും, വീഡിയോയിലെ നിഴലുകളോ കൈകളുടെ പ്രത്യേക ആംഗിളോ കൈപ്പത്തിയുടെ സ്വാഭാവിക ഘടനയോ മൂലമുണ്ടായ കാഴ്ചാഭ്രമമാണ് ഇതെന്നും ഗ്രോക്ക് വ്യക്തമാക്കി. ഇസ്രായേൽ ഗവൺമെന്റ് പ്രസ് ഓഫീസിൽ നിന്നുള്ള ഔദ്യോഗിക ദൃശ്യങ്ങളിൽ അദ്ദേഹത്തിന് അഞ്ച് വിരലുകൾ തന്നെയാണുള്ളതെന്ന് വ്യക്തമാണ്. പശ്ചാത്തലം വ്യാജമാകുന്നത് വീഡിയോ വ്യാജമാണെന്ന് അർത്ഥമാക്കുന്നില്ലെന്ന് മറ്റ് ചില ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

