
പ്രിയ സഖാവിന് ജന്മദിനാശംസകൾ… പിറന്നാൾ ദിനത്തിൽ സിപിഐഎം പിബി അംഗം എംഎ ബേബിക്ക് ആശംസകളുമായി ഭാര്യ ബെറ്റി ലൂയിസ് ബേബി. എം എ ബേബിയുടെ യൌവ്വന കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെറ്റി ആശംസ നേർന്നത്. ഈ പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധിയാളുകളാണ് പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. സിപിഐഎം പാർട്ടി കോൺഗ്രസിനായി മധുരയിലാണ് ഇപ്പോൾ എം എ ബേബി.
അതേസമയം പിറന്നാൾ ആഘോഷിക്കുന്ന പതിവില്ലെന്ന് എം എ ബേബി കൈരളി ന്യൂസിനോട് പറഞ്ഞു. പിറന്നാൾ എന്നത് തന്നെ സംബന്ധിച്ച് മറ്റൊരു ദിവസം മാത്രമാണ്. മുമ്പ് അമ്മ ജീവിച്ചിരുന്നപ്പോൾ പിറന്നാൾ ഓർമപ്പെടുത്തുമായിരുന്നു. അമ്മയുടെ വാൽസല്യം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. പിന്നീട് വിദ്യാർഥി സംഘടനാപ്രവർത്തനത്തിലേക്ക് കടന്നതോടെ പിറന്നാൾ ഓർമയില്ലാതെയായി. വിവാഹശേഷം ഭാര്യ ബെറ്റിയാണ് പിറന്നാൾ കണ്ടുപിടിച്ച് പ്രശ്നമാക്കിയത്. ഇപ്പോൾ മാധ്യമങ്ങളും ഈയൊരു പ്രശ്നവുമായി വന്നിരിക്കുകയാണെന്ന് തമാശരൂപേണ എം എ ബേബി പറഞ്ഞു.
കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് അടുത്ത് പ്രാക്കുളം സ്വദേശിയാണ് എം എ ബേബി. 1954 ഏപ്രിൽ അഞ്ചിനാണ് ജനനം. അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയ ആളാണ് ബേബി. പ്രാക്കുളം എൻ.എസ്.എസ്. ഹൈസ്കൂൾ, കൊല്ലം എസ്.എൻ.കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ പൊതുജീവിതം ആരംഭിച്ച ബേബി എസ്.എഫ്.ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകളിലൂടെ സജീവമായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. 32-ആം വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു.
കുണ്ടറയിൽ നിന്ന് 2006-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചുവരുന്നു. 2006 മുതൽ 2011 വരെയുള്ള വി എസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായിരുന്നു. 1986 ലും 1992 ലും രാജ്യസഭാംഗം ആയിരുന്നു. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here