“കുട്ടികളുടെ വ്യക്തിത്വത്തെ തകർക്കാൻ മന്ത്രിക്ക് അധികാരമില്ല”; മന്ത്രി ബിന്ദു കൃഷ്ണ മാപ്പ് പറയണമെന്ന് ബാലസംഘം

birnani

ബിരിയാണി ആവശ്യപ്പെട്ടുകൊണ്ട് വൈറലായ കുട്ടിയുടെ വ്യക്തിത്വത്തെ മന്ത്രി ബിന്ദു കൃഷ്ണ അപമാനിച്ചെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി. കുട്ടിയുടെ വ്യക്തിത്വത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും അധിക്ഷേപം പിൻവലിച്ചുകൊണ്ട് മന്ത്രി മാപ്പു പറയണമെന്നും ബാലസംഘം ആവശ്യപ്പെട്ടു. കുട്ടി തന്നെ മന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറയുന്ന സ്ഥിതിയുണ്ടായെന്നും ബാലസംഘം വിമർശിച്ചു.

ഇതൊരു തമാശയായും ട്രോളായും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്വന്തം വീഴ്ചകൾ മറച്ചുവെക്കുന്നതും, സർക്കാർ പദ്ധതികളിൽ നിന്ന് പുറകോട്ട് പോകുന്നതിൽ ന്യായീകരണം കണ്ടെത്തുന്നതിനും വേണ്ടി കുട്ടികളെ അപമാനിക്കുന്ന രീതി നമ്മുടെ സമൂഹത്തിന് യോജിച്ചതല്ല. കുട്ടികൾ ഇന്നത്തെ തന്നെ പൗരന്മാരാണ്. കുട്ടികളുടെ അഭിപ്രായത്തിന് പരിഗണന നൽകുക എന്നതിനോടൊപ്പം തന്നെ, കുട്ടികളുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ബാലസംഘം പറഞ്ഞു.

ഇതൊരു ചെറിയ വിഷയമായി കണക്കാക്കാൻ ആധുനിക സമൂഹത്തിന് കഴിയില്ല. ഒരു ചെറിയ കുട്ടിക്ക് നേരെ നടന്ന അപമാന ശ്രമം പോലും തെറ്റാണെന്നും തിരുത്തേണ്ടതാണെന്നും ബോധ്യപ്പെടുമ്പോഴാണ് ഒരു ആധുനിക സമൂഹമായി നാം മാറുക. കുട്ടികളുടെ അവകാശത്തിനു നേരെയും, കുട്ടികളുടെ വ്യക്തിത്വത്തിന് നേരെയും നടന്ന അധിക്ഷേപം പിൻവലിച്ചുകൊണ്ട് മന്ത്രി മാപ്പു പറയണമെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കൊല്ലം ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മോനാണ് ബിർണാണി ചോദിച്ച കുട്ടി എന്നായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങോട് പറഞ്ഞത്. എന്നാൽ, ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ബിർണാണി വിപ്ലവത്തിന് തുടക്കം കുറിച്ച ശങ്കു തന്നെ രം​ഗത്ത് വന്നിരുന്നു.

അതേസമയം, ശിശു സൗഹൃദമായ ഒരു നാടിനെ പിറകോട്ടടിപ്പിക്കുകയാണ് പുതിയ സർക്കാർ ചെയ്യുന്നതെന്നും ബാലസംഘം പറഞ്ഞു. ബിന്ദു കൃഷ്ണ ചുമതലയേറ്റത്തിന് തൊട്ടു പിറകെ അങ്കണവാടികളിൽ നൽകിവരുന്ന ബിരിയാണി നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോഷകാഹാരങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച അങ്കണവാടി മെനുവിനെ പരിഹസിക്കുകയാണ് മന്ത്രി ചെയ്തതെന്നും ബാലസംഘം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News