മ്യുസിയം കാണാൻ ടിക്കറ്റ് എടുത്തു, 15 കോടി മൂല്യം വരുന്ന സാധനങ്ങൾ സഞ്ചിയിലാക്കിയെങ്കിലും ചാട്ടം പിഴച്ചു: സിനിമാ കഥയെ വെല്ലുന്ന മോഷണശ്രമം

മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സ്റ്റേറ്റ് മ്യൂസിയത്തിൽ മോഷണ ശ്രമം. ഹൃതിക് റോഷൻ സിനിമയായ ‘ധൂം 2’ വിനെ അനുസ്മരിപ്പിക്കും വിധമുള്ള മോഷണ ശ്രമമാണ് മ്യൂസിയത്തിൽ നടന്നത്. ടിക്കറ്റ് എടുത്ത് മ്യൂസിയത്തിൽ കയറിയ കള്ളൻ, സ്റ്റെപ്പിന്റെ അടിയിൽ ഒളിച്ചിരുന്നു. രാത്രി കയ്യിൽ കിട്ടിയ സാധനങ്ങളെല്ലാം സഞ്ചിയിലാക്കി. എന്നിട്ട് മതിൽ ചാടി കടന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. പക്ഷെ അവിടെ പണി പാളി. 25 അടി ഉയരമുള്ള മതിലിൽ നിന്നുമുള്ള ചാട്ടം പിഴച്ചു. കള്ളൻ മ്യൂസിയം കോമ്പൗണ്ടിനകത്തേക്ക് തന്നെ വീണു .

രാവിലെ മ്യൂസിയം തുറന്നപ്പോൾ പുരാവസ്തുക്കൾ സൂക്ഷിച്ചിരുന്ന ചില്ലുകൂടുകൾ തകർന്ന് കിടക്കുന്നതും, വസ്തുക്കൾ നഷ്ട്ടപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കിയ ജീവനക്കാർ മ്യുസിയത്തിന്റെ പരിസരം പരിശോധിച്ചപ്പോൾ മതിലിനരികിൽ ഒരാൾ വീണു കിടക്കുന്നത് കണ്ടു പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നോക്കിയപ്പോൾ അടുത്ത് ഒരു സഞ്ചി കിടക്കുന്നത് ശ്രദ്ധയിപ്പെട്ടു. തുറന്നു നോക്കിയപ്പോൾ 15 കോടി രൂപയോളം മൂല്യം വരുന്ന മ്യുസിയത്തിനകത്ത് സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും മറ്റ് മൂല്യമുള്ള പുരാവസ്തുക്കളും.

വിനോദ് യാദവ് എന്ന ആളാണ് പാളിപ്പോയ മോഷണശ്രമത്തിനിടെ പൊലീസ് പിടിയിലായത്. തന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനാണ് താൻ മോഷണം നടത്തിയത് എന്നാണ് വിനോദ് യാദവ് പൊലീസിനോട് പറഞ്ഞത്. പക്ഷെ വിനോദിന് അനധികൃത പുരാവസ്തു വിൽപ്പന സംഘവുമായി ബന്ധമുണ്ടാകുമെന്ന്‌ പൊലീസിന് സംശയം ഉണ്ട്.

ഈ മോഷണ ശ്രമം വിജയിച്ചിരുന്നുവെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ മ്യുസിയം മോഷണങ്ങളിൽ ഒന്നാകുമായിരുന്നു ഇത് എന്ന് പൊലീസ് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് ഈ മോഷണശ്രമം വിജയിക്കാതെ പോയതെന്നും മ്യൂസിയത്തിൽ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News