
രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തിച്ചേർന്നു. ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലോക കേരള സഭാംഗങ്ങൾ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ന് അബുദാബി ഇത്തിഹാദ് അറീനയിൽ വെച്ച് നടക്കുന്ന കൈരളി ടിവി ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഞായറാഴ്ച മലയാളം മിഷനും ലോക കേരള സഭയും ചേർന്ന് മുഖ്യമന്ത്രിക്ക് സ്വീകരണ സമ്മേളനം ഒരുക്കുന്നുണ്ട്.
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലിൽ നടന്ന ഹ്രസ്വ കൂടിക്കാഴ്ചയിൽ പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ അധികൃതർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചിരുന്നു.
ALSO READ: ‘കേരളത്തിൽ വികസനം അതിവേഗത്തിൽ സാധ്യമാക്കുന്നതിന് കിഫ്ബി സഹായകമായി’: മുഖ്യമന്ത്രി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ എയർലൈൻ സർവീസുകൾക്കുള്ള അനുമതി ഉറപ്പാക്കൽ, സേവനം കുറച്ച് നിർത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി തിരുത്തൽ, ഉത്സവ സീസണുകളിലും യാത്രക്കാർ കൂടുന്ന സമയങ്ങളിലും വിമാന കമ്പനികൾ സ്വമേധയാ നിരക്ക് വർധിപ്പിക്കുന്ന പ്രവണതയെ തടയാൻ കേന്ദ്രതലത്തിൽ ശക്തമായ ഇടപെടൽ, കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കൽ, പ്രവാസികൾക്ക് സുരക്ഷിതമായി ചെറിയ തുകകൾ നിക്ഷേപിച്ച് സംസ്ഥാന പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന ‘മൈക്രോ ഇൻവെസ്റ്റ് പ്ലാൻ’ പോലുള്ള പ്രാദേശിക ചെറിയ നിക്ഷേപ മാതൃകകൾക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പാക്കൽ എന്നിവയാണ് പ്രതിനിധികൾ പ്രധാനമായി ഉന്നയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

