ബിഹാറിലും ഓപ്പറേഷൻ താമര; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വെച്ചു

നാടകീയതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകും. ഇന്ത്യ മുന്നണി പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെന്നും മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും നിതീഷ് കുമാര്‍. അതേസമയം ഓപ്പറേഷന്‍ താമരയിലൂടെ ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി വിലക്കെടുത്തതായും റിപ്പോര്‍ട്ട്.

Also Read; അധ്യാപകന്റെ കൈ വെട്ടിയ കേസ്: സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരം എൻഐഎയ്ക്ക് ലഭിച്ചതായി സൂചന

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നിതീഷ് കുമാറും ജെഡിയുവും വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് തിരികെ വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ നില്‍ക്കെ മഹാസഖ്യത്തെ പിളര്‍ത്തി നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയുമായുളള ബന്ധവും അവസാനിപ്പിച്ചു. രാവിലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് നിതീഷ് കുമാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേര്‍ക്കറെ കണ്ട് രാജിസമര്‍പ്പിച്ചത്. മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും ഇന്ത്യാ മുന്നണി പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെന്നും രാജിക്കത്ത് നല്‍കിയ ശേഷം നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് തന്നെ ഉണ്ടായേക്കും. നിതീഷ് കുമാര്‍ തന്നെയാകും മുഖ്യമന്ത്രി. രണ്ട് ഉപമുഖ്യമന്ത്രി പദവും സ്പീക്കര്‍ സ്ഥാനവും ആര്‍ജെഡിക്ക് നല്‍കിയിരുന്ന വകുപ്പുകളും ബിജെപിക്ക് നല്‍കിയേക്കും. അധ്യക്ഷന്‍ ജെപി നദ്ദ അടക്കം ബിജെപിയുടെ ദേശീയ നേതാക്കള്‍ പട്‌നയില്‍ വൈകിട്ടോടെ എത്തും. ബിജെപി എംഎല്‍എമാരും നീതീഷ് കുമാറിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്. അതേസമയം ബിഹാറിലെ കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ ഭൂരിഭാഗം പേരെയും കാണാനില്ലെന്ന വാര്‍ത്തകളും പുറത്തുവരുന്നു.

Also Read; “മണിപ്പൂരിന് സമാനമായത് ഇനി എവിടെ വേണമെങ്കിലും സംഭവിക്കാം”: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍

ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് വിവരം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേര്‍ത്തെങ്കിലും എംഎല്‍എമാര്‍ എത്താത്തതിനാല്‍ ചേരാനായിട്ടില്ല. ഇതോടെ ബിഹാറിലും കോണ്‍ഗ്രസിന്റെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മഹാസഖ്യത്തെ പിളര്‍ത്തി എന്‍ഡിഎയിലേക്ക് ചേക്കേറിയ നിതീഷ് കുമാര്‍ ഒമ്പതാം തവണയാണ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News