ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ഇഫ്താര്‍ വിരുന്ന്, നിതീഷിനെതിരെ പരിഹാസവും വിമര്‍ശനുവുമായി ബിജെപി നേതാക്കള്‍

ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ഇഫ്താര്‍ വിരുന്നിന്റെ ചടങ്ങ് സംഘടിപ്പിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി രംഗത്ത്. ബീഹാറിലെ ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം തന്നെ നിതീഷിനെതിരെ പരിഹാസവും വിമര്‍ശനവുമായി രംഗത്ത് വന്നു. രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് നിതീഷ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. നിതീഷിന്റേത് രാഷ്ട്രീയ പ്രീണനമാണെന്ന ആരോപണത്തിനൊപ്പം ഇഫ്താര്‍ ചടങ്ങിന്റെ പശ്ചാത്തലമായി ചെങ്കോട്ട തെരഞ്ഞെടുത്തതിനെതിരെയും ബിജെപി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. ഇഫ്താര്‍ വിരുന്നിന്റെ പശ്ചാത്തലമായി ഒരുക്കിയ ചെങ്കോട്ടയുടെ കൂറ്റന്‍ ചിത്രം നിതീഷിന്റെ പ്രധാനമന്ത്രി മോഹത്തിന്റെ പ്രതീകമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

മുഗള്‍ സ്മാരകത്തിന്റെ പശ്ചാത്തലത്തില്‍ നിതീഷ് നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്ററുകളായി പാറ്റ്‌നയിലെ പലയിടങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ജെഡിയു ഓഫീസിലും ഈ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ബിഹാറിലെ വര്‍ഗീയ കലാപങ്ങളുടെ പേരില്‍ ബിജെപിയും ജെഡിയുവും പരസ്പരം പഴിചാരുന്നതിനിടയിലാണ് ചെങ്കോട്ടയുടെ മുന്നില്‍ നില്‍ക്കുന്ന നിതീഷിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. അതിനാല്‍ ഈ വിഷയത്തില്‍ ബിജെപിയെ നേരിട്ടു പരിഹസിക്കുന്ന നിലയിലാണ് ഈ പോസ്റ്ററുകള്‍ വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്ന ചെങ്കോട്ട തന്നെ ഇഫ്താര്‍ വിരുന്നിന്റെ ചടങ്ങിന് പശ്ചാത്തലമായി നിതീഷ് തെരഞ്ഞെടുത്തതാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കെതിരെ ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവും രാജ്യസഭാ എംപിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി പരിഹാസവുമായാണ് രംഗത്തെത്തിയത്. നിതീഷ് ചെങ്കോട്ടയുടെ മുന്നില്‍ നിന്ന് ചിത്രമെടുത്തതിനെയും സുശീല്‍ മോദി പരിഹസിച്ചിരുന്നു. ‘നിതീഷ് വൈറ്റ് ഹൗസിന് മുന്നില്‍ നിന്നും ചിത്രമെടുത്തു എന്ന് കരുതി അത് നിതീഷിനെ അമേരിക്കന്‍ പ്രസിഡന്റ് ആക്കില്ലല്ലോ’ എന്നായിരുന്നു സുശീലിന്റെ പരിഹാസം. ‘നിതീഷ് ചെങ്കോട്ടയില്‍ നോക്കി പ്രധാനമന്ത്രിയാകുന്നതില്‍ സന്തോമുണ്ടെ’ന്നായിരുന്നു കഴിഞ്ഞമാസം ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാമ്രാട്ട് ചൗധരിയുടെ പരിഹാസം. ബീഹാര്‍ നിയമസഭയിലെ ബിജെപി ചീഫ് വിപ്പ് ജനക് സിംഗും നിതീഷിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. പകല്‍ക്കിനാവുകാരനെക്കുറിച്ചുള്ള പ്രശസ്ത ടിവി സീരീസിനെ പരാമര്‍ശിച്ച് നിതീഷിന്റേത് ‘മുന്‍ഗേരിലാല്‍ കെ ഹസീന്‍ സപ്നെ’ എന്നായിരുന്നു ജനകിന്റെ പരിഹാസം. ബീഹാറിനെ നിയന്ത്രിക്കാന്‍ നിതീഷിന് സാധിച്ചില്ല, ഇപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നം കാണുന്നുവെന്ന വിമര്‍ശനവും ജനക് സിംഗ് ഉന്നയിച്ചു.

ജെഡിയു എംഎല്‍എ ഖാലിദ് അന്‍വറാണ് പാറ്റ്‌നയിലെ പുല്‍വാരി ഷെരീഫിലെ ഇസ്ലാമിക് ബിഎഡ് കോളേജില്‍ ചെങ്കോട്ടയുടെ പശ്ചാത്തലത്തിലുള്ള ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇവര്‍ തന്നെയാണ് നിതീഷ് കുമാര്‍ റെഡ് ഫോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചതും. നിതീഷ് പ്രധാമന്ത്രിയാകണമെന്ന ആവശ്യം ഖാലിദ് അന്‍വര്‍ അടക്കമുള്ള നിതീഷ് അനുയായികള്‍ പരസ്യമായി ഉന്നയിക്കുന്നുണ്ട്. ‘നിതീഷ് കുമാറാണ് 2024ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. നിതീഷ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതോടെ രാജ്യത്ത് സമാധാനവും ഐശ്വര്യവും നിറയു’മെന്നാണ് ഖാലിദ് അന്‍വറിനെപ്പോലുള്ള നിതീഷ് ആരാധകര്‍ അവകാശപ്പെടുന്നത്. ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും നിധീഷിന്റെ പ്രധാമന്ത്രി പദത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ‘നിതീഷിന് കേന്ദ്ര ഗവണ്‍മെന്റിനെ നയിക്കാനുള്ള അനുഭവ സമ്പത്തുണ്ട്, സംസ്ഥാന മുഖ്യമന്ത്രിയാണ് രാജ്യത്തെ നയിക്കാനുള്ള കാഴ്ചപ്പാടും നിതീഷിനുണ്ടെന്ന്’ മൃത്യുഞ്ജയ് തിവാരി വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലാണ് ബിജെപി ബാന്ധവം അവസാനിപ്പിച്ച് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യത്തിലേക്ക് ജെഡിയു എത്തിയത്.

അതേസമയം പോസ്റ്ററുകളില്‍ നിന്ന് അധികവായന നടന്നുവെന്ന നിലപാടുമായി ജെഡിയു നേതാവും മന്ത്രിയുമായ വിജയ് ചൗധരി രംഗത്ത് വന്നിട്ടുണ്ട്. ‘ഇഫ്താര്‍ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ ചെങ്കോട്ടയുണ്ടാകുമെന്ന് നിതീഷിന് അറിവില്ലായിരുന്നു, മാത്രമല്ല പ്രധാനമന്ത്രിയാകാന്‍ അദ്ദേഹത്തിന് ഒരു ആഗ്രഹവുമില്ല, രാജ്യത്തെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനാണ് നിതീഷ് ആഗ്രഹിക്കുന്നത്’ വജയ് ചൗധരി വ്യക്തമാക്കി. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും നടക്കുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത് വിപരീതഫലം ഉണ്ടാക്കിയെന്നും വിലയിരുത്തലുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News