
ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയുടെ പ്രസ്താവന വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും അവർ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടവരാണെന്നും ആണ് അദ്ദേഹം പറഞ്ഞത്. ഗോപാൽഗഞ്ച് ജില്ലയിലെ വൈകുണ്ഠ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ ഇദ്ദേഹം പുതുതായി മന്ത്രിയായി ചുമതലയേറ്റ വ്യക്തിയാണ്.
പെൺകുട്ടികൾ പൊതു പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ തെരുവിലിറങ്ങുന്നതിന് പകരം വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് മന്ത്രി പറഞ്ഞത്.വീട്ടിൽ പെൺകുട്ടികളുള്ളതാണ് നമ്മുടെ കരുത്തും അഭിവൃദ്ധിയുടെ അടിസ്ഥാനവും. മോദിയിങ്ങനെ നാരി ശക്തി മണ്ഡലുമായി ഉള്ളപ്പോൾ പെൺകുട്ടികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ് എന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് ഒരു മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അവർക്ക് അവരുടെ അവകാശങ്ങൾ താനേ ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയുടം ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഒരു അധ്യാപകനായിരുന്നു മിഥിലേഷ് തിവാരി എന്നത് ഈ പ്രസ്താവനയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. മുൻപ് പാട്നയിൽ ഒരു കോച്ചിംഗ് സെന്ററും അദ്ദേഹം നടത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൈക്കിളും യൂണിഫോമും (പോഷക് യോജന) നൽകുന്ന പദ്ധതികൾ ആവിഷ്കരിച്ച മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നയങ്ങൾക്ക് തികച്ചും വിരുദ്ധമാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ ഈ നിലപാട്.
ALSO READ: അടുത്ത സുഹൃത്ത് വാട്സാപ്പിലയച്ച കല്യാണക്കുറി ഡൗൺലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ
വിദ്യാഭ്യാസ മന്ത്രിയുടെ തന്നെ കാഴ്ചപ്പാട് ഇങ്ങനെയാണെങ്കിൽ ബിഹാറിൻറെ ഗതിയെന്താകുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ‘ബിഹാറിലെ സാക്ഷരതാ നിരക്ക് ബഹുകേമമാണ്. എന്നിട്ടും ജനസംഖ്യയിൽ പാതിയോളം വരുന്ന സ്ത്രീജനങ്ങളെ അടുക്കളയിലേക്ക് തിരിച്ച് വിടാനാണോ നീക്കം? കുറച്ച് കഴിയുമ്പോൾ സ്കൂളുകൾ എന്തിനാണ് എന്ന് കൂടി ചോദിക്കില്ലെന്ന് എന്തുറപ്പ് എന്നായിരുന്നു ഒരാൾ കുറിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

