
ബീഹാറിലെ വോട്ടര്‍പട്ടിക വിഷയത്തിൽ പ്രതിപക്ഷവുമായുള്ള കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഹസനം ആക്കി മാറ്റിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കോടിക്കണക്കിന് വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. പിന്‍വാതിലിലൂടെ എന്‍ ആര്‍ സി നടപ്പാക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നും യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം മുന്നോട്ടുവച്ച ഒരു കാര്യവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ചില്ല. നോട്ട് നിരോധനം പോലെ ബീഹാറില്‍ വോട്ട് നിരോധനമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്. ഈ വിഷയത്തില്‍ നിയമപരമായും പല കാര്യങ്ങളുണ്ട്. കോടതിയെ സമീപിക്കുന്നതടക്കം പ്രതിപക്ഷം കൂടിയാലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും.
Read Also: കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ഇ എൽ ഐ പദ്ധതി നിർത്തലാക്കണമെന്ന് സി പി ഐ എം
ബീഹാറിൽ സുതാര്യതയോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള ആഗ്രഹം തെരഞ്ഞെടുപ്പ് കമ്മീഷനില്ല. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവ്യൂ (എസ് ഐ ആര്‍) എന്നു പറയുന്നത് ഏതോ സാറിനെ തൃപ്തിപ്പെടുത്താനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് മുകളിലാണ് ആ സാറന്മാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ പുറത്തിറക്കിയ 21 ദൗത്യങ്ങളില്‍ എസ് ഐ ആര്‍ ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 40 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തവരാണ് ഇവർ. ബീഹാറില്‍ എട്ട് കോടി വോട്ടര്‍മാരില്‍ നാലര കോടി വോട്ടര്‍മാരെ ഇത് ബാധിക്കും. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചന നടത്തിയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പൂര്‍ണമായും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here