
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബിഹാറിൽ വോട്ടർ പട്ടിക പരിഷ്‌ക്കരണം ഇന്ന് മുതൽ ആരംഭിച്ചു. ഓരോ വോട്ടർമാരും അവരുടെ യോഗ്യതയും പൗരത്വവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. അതേസമയം വോട്ടർ പട്ടിക മറയാക്കി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുകയാണ് കേന്ദ്രസർക്കാരെന്നും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണ് നടപടിയെന്നും പ്രതിപക്ഷം ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, വോട്ടർ പട്ടികയിലെ സമഗ്ര പരിഷ്‌ക്കരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ വോട്ടർ പട്ടികയിലെ സൂഷ്മ പരിശോധനയ്ക്ക് ബിഹാറിൽ തുടക്കമായി. ബിഹാറിലെ 7.9 കോടിയിലധികം വോട്ടർമാരിൽ 4.96 കോടി വോട്ടർമാരും യോഗ്യത സ്ഥാപിക്കുന്നതിനുളള രേഖകളും സത്യവാങ്മൂലവും സമർപ്പിക്കണം. ഇതിനായി 78,000ത്തിലധികം ബൂത്ത് ലെവൽ ഉദ്യോഗസ്ഥന്മാർ വീടുകൾ തേടിയുളള സർവ്വേ ആരംഭിച്ചു.
Also Read: വിഐപികൾക്ക് വഴിയൊരുക്കി: ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ മൂന്ന് മരണം
എന്നാൽ ഒരു മാസത്തിനുളളിൽ ഇത്രയും വലിയ പ്രക്രിയ എങ്ങനെ പൂർത്തീകരിക്കുമെന്ന ആശങ്ക പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു. അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന് തുല്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെന്നും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചാണിതെന്നും സിപിഐ എം തുറന്നടിച്ചു. കുടിയേറ്റക്കാരെ ഒഴിവാക്കാനാണെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും മൂന്ന് കോടി വോട്ടർമാരെങ്കിലും പട്ടികയ്ക്ക് പുറത്തുപോകുമെന്ന ആശങ്കയും ഉയരുന്നു.
ബിഹാറിന് പുറമെ, അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി, അസം സംസ്ഥാനങ്ങളിലും സമാന രീതിയിലുളള പട്ടിക പുതുക്കൽ ഉണ്ടായേക്കുമെന്നാണ് സൂചന. ചുരുങ്ങിയ സമയത്തിനുളളിൽ ലക്ഷക്കണക്കിന് പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കുന്നത് വ്യാപക പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
സമാനമായ പരിഷ്‌കരണം നടത്തിയ മഹാരാഷ്ട്രയിൽ വോട്ടെടുപ്പിന് ശേഷം അസാധാരണമായ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. പോളിംഗ് ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ, മെഷീൻ റീഡബിൾ ഇലക്ടറൽ റോളുകൾ എന്നിവ പുറത്തുവിട്ട് സംശയം ദുരീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here