അങ്ങനെ മറക്കാനാവുമോ ബില്‍ക്കിസ് ബാനുവിനെ, ചോദ്യമുയര്‍ത്തി മന്ത്രി മുഹമ്മദ് റിയാസ്

ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിക്കൊപ്പം ബിജെപി എംപി ജസ്വന്ത് സിന്‍ ഭാഭോറും, സഹോദരനും എംഎല്‍എയുമായ സൈലേഷ് ഭാഭോറും സര്‍ക്കാര്‍ വേദി പങ്കിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ബില്‍ക്കിസ് ബാനുവിനെ അങ്ങനെ മറക്കാനാവുമോ എന്ന ചോദ്യം ഉന്നയിക്കുന്ന മുഹമ്മദ് റിയാസ് സംഘപരിവാര്‍ അണികള്‍ക്ക് ഇത്തരം ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും നല്‍കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. പ്രതികള്‍ക്കൊപ്പം ബിജെപി ജനപ്രതിനിധികള്‍ വേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തുന്നു.

മാര്‍ച്ച് 25നായിരുന്നു ബില്‍ക്കിസ് ബാനു കേസിലെ പ്രതി ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് ബിജെപി ജനപ്രതിനിധികള്‍ക്കൊപ്പം സര്‍ക്കാര്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാക്കന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രതി അവര്‍ക്കൊപ്പം പൂജയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അങ്ങനെ മറക്കാനാവുമോ ബില്‍ക്കിസ് ബാനുവിനെ!

ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കൊപ്പം ഗുജറാത്തിലെ ബിജെപി നേതാക്കളായ ദഹോദ് എംപി ജസ്വന്ത് സിന്‍ ഭാഭോറും സഹോദരനും ലിംഖേഡ എംഎല്‍എയുമായ സൈലേഷ് ഭാഭോറും സര്‍ക്കാര്‍ വേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണ്.

ഗുജറാത്ത് വംശഹത്യക്കിടെ 2002 മാര്‍ച്ച് മൂന്നിനാണ് ആറ് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഗര്‍ഭസ്ഥ ശിശുവുള്‍പ്പെടെ ബില്‍ക്കിസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരാണ് അന്ന് വംശഹത്യയില്‍ കൊല്ലപ്പെട്ടത്. ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് 2022 ആഗസ്തിലാണ്.

ഈ മാസം 25 നാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതി ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് ബിജെപി ജനപ്രതിനിധികള്‍ക്കൊപ്പം സര്‍ക്കാര്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാക്കന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രതി അവര്‍ക്കൊപ്പം പൂജയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ ബില്‍ക്കിസ് ബാനു കേസില്‍ നടന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീം കോടതി ഇന്നലെ നിരീക്ഷണം നടത്തുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്കിടെ നടന്ന കൂട്ടബലാത്സംഗക്കേസിലെ
പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ച വേളയിലാണ് സുപ്രീം കോടതി ബെഞ്ചിന്റെ ഈ നിരീക്ഷണം. ബില്‍ക്കിസ് ഭാനുവിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയക്കുകയുമുണ്ടായി.

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ സര്‍ക്കാര്‍ പരിപാടിയില്‍ വിളിച്ചാദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. ഈ രാജ്യത്തെ നിയമസംവിധാനങ്ങളെ തങ്ങള്‍ തെല്ലും വിലവെക്കുന്നില്ലെന്ന സംഘപരിവാറിന്റെ പ്രഖ്യാപനമാണത്.അണികള്‍ക്ക് ഇത്തരം ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും കൂടിയാണിത്. ഇതിനെതിരെ പ്രതിഷേധിക്കാനും ബില്‍ക്കിസ് ബാനുവിനൊപ്പം നില്‍ക്കാനും മതനിരപേക്ഷ ഇന്ത്യയാകെ മുന്നോട്ടുവരേണ്ടതുണ്ട്.

-പി.എ.മുഹമ്മദ് റിയാസ്-

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News