
കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി തലപ്പത്തെ ആൾ മാറിയത് കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്ധമായ ഇടത്പക്ഷവിരോധം മൂലം ബിജെപിയോടും ജമായത്തി ഇസ്‌ലാമിയോടും എസ്ഡിപിഐയോടും വരെ കൈകോർക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസ്സിനെ കുഴപ്പത്തിലാക്കിയത്.
ഗാന്ധി-നെഹ്‌റു മൂല്യങ്ങളെ അവർ മറന്നതും ഈ വർഗ്ഗീയ ചങ്ങാത്തം മൂലമാണ്. ഇപ്പോഴത്തെ നേതൃമാറ്റം തൊലിപ്പുറമേയുള്ള മിനുക്കുപണി മാത്രമാണ്. “തല മാറട്ടെ” എന്ന കുട്ടിക്കഥയാണ് കോൺഗ്രസിലെ ഈ കസേരകളികൾ ഓർമ്മിപ്പിക്കുന്നതെന്നും സി പി ഐ സെക്രട്ടറി ഓർമ്മിപ്പിച്ചു.
കെപിസിസി അധ്യക്ഷനെ ഉൾപ്പെടെ മാറ്റിക്കൊണ്ട് സംസ്ഥാന കോൺഗ്രസിൽ സമഗ്ര അഴിച്ചുപണിയാണ് ഹൈക്കമാൻഡ് നടത്തിയത്. നേതൃമാറ്റത്തിന്റെ പേരിൽ ഇടഞ്ഞുനിന്ന കെ സുധാകരനെ അനുനയിപ്പിച്ചു കൊണ്ടാണ് കണ്ണൂരിൽ നിന്ന് തന്നെയുള്ള സണ്ണി ജോസഫിന് അധ്യക്ഷസ്ഥാനത്തേക്ക് നറുക്ക് വീണത്. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും എ.പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവരെ വർക്കിംഗ് പ്രസിഡന്റ്മാരായും നിയമിച്ചു.
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് സംസ്ഥാന കോൺഗ്രസിൽ കോൺഗ്രസ് ദേശീയ നേതൃത്വം സമഗ്ര അഴിച്ചു പണി നടത്തിയത്. ക്രൈസ്തവസഭകളുടെ പ്രതിനിധിയായി ആന്റോ ആന്റണിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും സഭ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്ന് ദേശീയ നേതൃത്വം പിൻവലിഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here