
‘ഹൃദയത്തിൽ സത്യസന്ധതയുണ്ടെങ്കിൽ വാക്കിൽ തിളക്കമുണ്ടാകും’. വിഖ്യാത തമിഴ് കവി ഭാരതീയരുടേതാണ് ഈ വരി. പത്തരമാറ്റ് തിളക്കമുള്ള
ഈ വരി അന്വർത്ഥമാക്കിയതാരെന്ന് ചോദിച്ചാൽ തമിഴകത്തെ പുരോഗമന സമൂഹത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ ‘എൻ ശങ്കരയ്യ ‘.
ശങ്കരയ്യ ധീരനായ കമ്യുണിസ്റ്റുകാരൻ, എട്ടു വർഷം ജയിൽ ജീവിതവും മൂന്നു വർഷം ഒളിവുജീവിതവും കൊടും പൊലീസ് പീഡനങ്ങളും അനുഭവിച്ച സ്വാതന്ത്ര്യ സമര പോരാളിയും തൊഴിലാളിനേതാവും. വാഗ്ധോരണിയിൽ തമീഴ് നിയമസഭയെ വിറപ്പിച്ച പാർലമെന്‍റേറിയനും മാത്രമായിരുന്നില്ല. അതിനുമെല്ലാം അപ്പുറത്ത് വേറിട്ടതും പുറംലോകം അധികം അറിയാത്തതുമായ ഒട്ടേറെ ജീവിതാനുഭവങ്ങളുടെ നിറകുടമായിരുന്നു എന്‍. ശങ്കരയ്യ.
ഇത്തരം ജീവിതാനുഭവങ്ങൾ കോർത്തിണക്കി തമിഴകത്തിന്‍റെ കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രം ശങ്കരയ്യയിലൂടെ അവതരപ്പിച്ചിരിക്കുകയാണ് പ്രമുഖ തമീഴ് എഴുത്തുകാരനും ശങ്കരയ്യയുടെ സഹോദരനുമായ എൻ രാമകൃഷ്ണൻ. ഇതിനകം തന്നെ തമിഴിൽ ബെസ്റ്റ് സെല്ലറായ ‘എൻ ശങ്കരയ്യ- ജീവിതവും പ്രസ്ഥാനവും’ എന്ന പുസ്തകം മലയാളത്തിലേക്ക് മനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത് പത്രപ്രവർത്തകനും ദേശാഭിമാനിയുടെ മുൻ തമിഴ്നാട് ലേഖകനുമായിരുന്ന ഇ.എൻ.അജയകുമാറാണ്.
കല എന്ന സമരായുധം
കലയെ എങ്ങനെയാണ് കമ്യൂണിസ്റ്റുകാര്‍ സമരായുധമാക്കുന്നതെന്ന് പുസ്തകം ശങ്കരയ്യയുടെ ജീവിതാനുഭവങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്.
പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്ക് മുമ്പ് “കുംഭകളി” ഉള്‍പ്പെടെയുളള തമീഴ്നാട്ടിലെ തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കും. പരിപാടികള്‍
കാണാനായെത്തിയവരെ കാത്തിരുന്നത് കലാരൂപങ്ങളേക്കാള്‍ ആവേശം കൊളളിക്കുന്ന മറ്റൊരു അനുഭവമാണ്. തമിഴ് നാടോടിക്കഥകളും
തിരുവളളുവരുടേയും സുബ്രഹ്മണ്യഭാരതിയുടേയുമെല്ലാം കവിതാശകലങ്ങളും മാര്‍ക്സിയന്‍ ദര്‍ശനങ്ങളുമെല്ലാം ഉള്‍ക്കൊളളുന്ന ശങ്കരയ്യയുടെ അത്യുഗ്രന്‍ പ്രസംഗമായിരുന്നു.
പ്രസംഗം കേള്‍ക്കാനായി മൈലുകള്‍ താണ്ടിയാണ് ജനങ്ങള്‍ എത്തിയിരുന്നത്. അവര്‍ക്ക് മുന്നില്‍ ദരിദ്രരും തൊഴിലാളികളും കര്‍ഷകരും നേരിടുന്ന പ്രശ്നങ്ങള്‍ ലളിതമായി ശങ്കരയ്യ അവതരിപ്പിച്ചു.മാര്‍ക്സിറ്റ് -ലെനിനിസ്റ്റ് തത്വങ്ങള്‍ സങ്കീര്‍ണ്ണമായ ആശയങ്ങളെന്നതാണ് എക്കാലത്തും ഉയര്‍ന്നുവരുന്ന ഒരു വിമര്‍ശനം.
എന്നാല്‍ ഒരോരുത്തരുടേയും നിത്യജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി കമ്യൂണിസവും മാര്‍ക്സിസവും ലെനിനിസവുമെന്തെന്ന് ലളിതമായ രീതിയില്‍ വിശദീകരിക്കാന്‍ ശങ്കരയ്യയ്ക്ക് പ്രത്യേക പാടവം ഉണ്ടായിരുന്നു. ബഹുജന സമരങ്ങളെ ശാന്തനും അക്ഷോഭ്യനുമായാണ് അദ്ദേഹം നയിച്ചിരുന്നത്. ക്രൂരമായ പൊലീസ് പീഡനങ്ങള്‍ക്ക് ഇരയായപ്പോഴും ഒട്ടും പതറിയില്ല. എന്നാല്‍ തമിഴ്നാട് നിയമസഭയില്‍ കണ്ടത് ശങ്കരയ്യയുടെ മറ്റൊരു മുഖമായിരുന്നു. ശങ്കരയ്യ സഭയിലുളളപ്പോള്‍ ഭരിക്കുന്നവര്‍ ആരായാലും അദ്ദേഹമായിരുന്നു യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ്.
ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലം. ഒരിക്കല്‍ ജയലളിത സഭയില്‍ കമ്യൂണിസ്റ്റുകാരെ പരിഹസിച്ചു. അന്ന് ശങ്കരയ്യ നല്‍കിയ മറുപടി ജയലളിതയുടെ വായടപ്പിച്ചതുള്‍പ്പെടെയുളള രസകരമായ നിരവധി സംഭവങ്ങള്‍ പുസ്തകത്തിലുണ്ട്.
ശങ്കരയ്യ ബാക്കിവെച്ചത്
ഇന്ത്യന്‍ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്‍റെ ആദ്യകാല പഥികരില്‍ ഒരാളായിരുന്ന ശിങ്കാരവേലു ചെട്ടിയാരുടെ തട്ടകമായിരുന്നു തമിഴ്നാട്. സ്വാതന്ത്ര്യാനന്തരം ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാനത്തെ മുഖ്യപാര്‍ട്ടിയായി വരെ ഉയര്‍ന്നു. തമിഴ്വംശീയ രാഷ്രീയത്തിന് ഊന്നല്‍ നല്‍ക്കിക്കൊണ്ടുളള സ്വത്വരാഷ്രട്രീയം പുരോഗമനപരമെന്ന വ്യാജനിര്‍മ്മിതിയോടെയാണ് ആധിപത്യം ഉറപ്പിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ച വര്‍ഗ്ഗരാഷ്ട്രീയത്തിന് മേല്‍ ഡി എം കെ യുടെ സ്വത്വരാഷ്രീയം ആധിപത്യം നേടി. 1964ല്‍ പാര്‍ട്ടിയിലുണ്ടായ
പിളര്‍പ്പായിരുന്നു അടുത്ത തിരിച്ചടി. കടുത്ത പ്രതിസന്ധിയിലായ ഇത്തരംഘട്ടങ്ങളിലെല്ലാം നെടുംതൂണായി നിന്ന് പാര്‍ട്ടിക്ക് വേണ്ടി
പ്രതിരോധം തീര്‍ത്തത് ശങ്കരയ്യായിരുന്നു. 2023 നവംബര്‍15ന്, 102ാം വയസ്സില്‍ ശങ്കരയ്യ അന്തരിച്ചു.
ശങ്കരയ്യയുടെ ജീവിതം കമ്യൂണിസ്റ്റുകാര്‍ക്കും പുരോഗമന ചിന്താഗതിക്കാര്‍ക്കുമെല്ലാം വലിയപാഠമാണ്. വര്‍ഗ്ഗീയ രാഷ്ട്രീയം ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് ശങ്കരയ്യയില്‍ നിന്ന് പഠിക്കാനും പകര്‍ത്താനും പലതും ഉണ്ട്. ആ ദൗത്യം നിറവേറ്റുന്നതാണ് എൻ രാമകൃഷ്ണൻ തമിഴില്‍ എഴുതി ഇ.എൻ.അജയകുമാര്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത “എന്‍ ശങ്കരയ്യ-ജീവിതവും പ്രസ്ഥാനവും” എന്ന പുസ്തകം
പ്രസാധകര്‍ – ചിന്ത
പുസ്തക വില- 220 രൂപ (ബന്ധപ്പെടേണ്ട നമ്പര്‍ – 9562282676)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here