സൂക്ഷിക്കണേ…! പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

Bird flu Kerala

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി (H5N1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വളർത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാമിന്റെ മുന്നറിയിപ്പ്.

എന്താണ് പക്ഷിപ്പനി ?
ഒരിനം വൈറസ് കാരണമുണ്ടാകുന്ന പകർച്ചാ രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. പക്ഷികളിൽനിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാര പക്ഷികൾ തുടങ്ങി എല്ലാ ഇനം പക്ഷികളെയും ഈ രോഗം ബാധിക്കാം. പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് പകരാനും ഇടയുണ്ട്. മനുഷ്യരിലെ രോഗം ഗുരുതരമായേക്കാം. അതിനാൽ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിത അകലം പാലിക്കണം.

രോഗബാധയേറ്റ കോഴി, താറാവ്, വളർത്തു പക്ഷികൾ എന്നിവയെ പരിപാലിക്കുന്നവർ, അടുത്ത സമ്പർക്കം പുലർത്തുന്നവർ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്ററിനറി ഡോക്ടർമാർ, രോഗ നിയന്ത്രണത്തിനായി പക്ഷികളെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ, സഹായികൾ എന്നിവർ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ, മൂക്കൊലിപ്പ്, കഫത്തിൽ രക്തം കാണുക എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങൾ.

ശ്രദ്ധ വേണം

  • വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കണം.
  • പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ സുരക്ഷിതമായി സംസ്‌കരിക്കുക.
  • പക്ഷികളുടെ കാഷ്ഠമോ മറ്റു സ്രവങ്ങളോ ശരീരത്തിൽ വീഴുകയോ മൃതശരീരം തൊടുകയോ ചെയ്യേണ്ടിവന്നാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുകയോ കുളിക്കുകയോ വേണം.
  • വളർത്തു പക്ഷികളുടെ കൂട് വൃത്തിയാക്കുമ്പോഴും മുട്ട, മാംസം എന്നിവ കൈകാര്യം ചെയ്യുമ്പോഴും മാസ്‌കും നീളമുള്ള കൈയുറയും ധരിക്കണം.

പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കോഴി, താറാവ്, കാട തുടങ്ങിയ വളർത്തു പക്ഷികളുമായി കഴിയുന്നതും അകലം പാലിക്കുക. പക്ഷികളെ വളർത്തുന്ന സ്ഥലത്തോ കൂടിന്റെ പരിസരത്തോ പോകരുത്.
  • വളർത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്.
  • പക്ഷികൾക്ക് പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അടുത്തിടപഴകരുത്.
  • മുട്ട, മാംസം എന്നിവ നന്നായി സമയമെടുത്ത് വേവിച്ച് (70 ഡിഗ്രി സെൽഷ്യസിൽ അര മണിക്കൂർ) മാത്രം കഴിക്കുക. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്. ഓംലെറ്റ്, ബുള്സ് ഐ എന്നിങ്ങനെ കുറഞ്ഞ സമയം മാത്രം എടുത്തു പാകം ചെയ്യുന്ന മുട്ട വിഭവങ്ങൾ കഴിക്കരുത്.
  • പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News