ബിഷപ്പിന്‍റെ ബിജെപി പ്രസ്താവന തള്ളി കെസിബിസി, പാംപ്ളാനിയുടെ പ്രസ്താവന റബര്‍ കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് ജോസ്.കെ.മാണി

റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവന വിവാദമായി. ഇതോടെയാണ് ബിഷപ്പിനെ തള്ളി കെ.സി.ബി.സി രംഗത്തെത്തിയത്. ബിഷപ്പ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപടല്ല. കര്‍ഷകരുടെ വികാരം പ്രകടിപ്പിച്ചതാണെന്ന് ബിഷപ്പ് തന്നെ വിശദീകരിച്ചിട്ടുണ്ട്. ഒരു പാര്‍ടിയോടും പ്രത്യേക അടുപ്പമോ, അകല്‍ച്ചയോ സഭക്ക് ഇല്ല. ഭരിക്കുന്ന മുന്നണിക്ക് മുന്നിലാണ് പ്രശ്നങ്ങള്‍ അവതരിക്കാന്‍ കഴിയുക. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുക മാത്രമാണ് ബിഷപ്പ് ചെയ്തതെന്നും കെ.സി.ബി.സി വക്താവ് അറിയിച്ചു.

ബിഷപ്പ് പാംപ്ളാനിയുടെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്ന് വിശദീകരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും രംഗത്തെത്തി. റബര്‍ കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന ദ്രോഹത്തെ കുറിച്ചാണ് ബിഷപ്പ് സംസാരിച്ചത്. റബര്‍ വിലയിടിവിന് കാരണം കേന്ദ്ര സര്‍ക്കാരാണ്.

റബര്‍ കര്‍ഷകരോടുള്ള നയം തിരുത്തണമെന്നാണ് പ്രസ്താവനയിലൂടെ ബിഷപ്പ് ആവശ്യപ്പെട്ടത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ചര്‍ച്ചയാകാന്‍ പോകുന്നത് ഈ നയങ്ങള്‍ക്കെതിരായ ജനവികാരമാണ്. സഭക്ക് രാഷ്ട്രീയമില്ല. റബര്‍ കര്‍ഷകരെ സഹായിക്കണമെന്നതും നാടിന്‍റെ വികസനവുമാണ് സഭയുടെയും കേരള കോണ്‍ഗ്രസിന്‍റെയും ലക്ഷ്യമെന്നും ജോസ്.കെ.മാണി പ്രതികരിച്ചു.

ബിഷപ്പ് പാംപ്ളാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ബിഷപ്പിന്‍റെ പ്രസ്താവന മാറ്റത്തിന്‍റെ സൂചനയെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതേസമയം കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ബിഷപ്പിന്‍റെ ബിജെപി പ്രസ്താവനയില്‍ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പുള്ളിപ്പുലിയുടെ ദേഹത്തുള്ള പുള്ളി എത്ര മായ്ച്ചാലും മായില്ലെന്നും അത് ജനങ്ങള്‍ക്ക് മനസ്സിലാകുന്നതാണെന്നും എം.ബി.രാജേഷ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News