
മുൻസിപ്പൽ കോർപറേഷന്റെ സ്ഥലം കൈയേറിയെന്നാരോപിച്ച് 37 വീടുകൾ ബുൾഡോർ കൊണ്ട് ഇടിച്ചുനിരത്തി. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദ് ആണ് സംഭവം. 2030ലെ കോമൺവെൽത്ത് ഗെയിംസിനും 2036ലെ ഒളിമ്പിക്‌സിനും വേദിയാണ് അഹമ്മദാബാദ്. ഇതിന്റെ ഭാഗമായി നഗരത്തിന്റെയും നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ മോടിപിടിപ്പിക്കലിന്റെ ഭാഗമായിട്ടാണ് കുടിയൊഴിപ്പിക്കൽ എന്നാണ് റിപ്പോർട്ട്.
നരേന്ദ്രമോദി സ്‌റ്റേഡിയത്തോട് ചേർന്നുള്ള മോട്ടേര ആശാറാം ആശ്രമത്തിന്റെ സമീപത്തെ വീടുകളാണ് പൊളിച്ചത്. നാട്ടുകാരുടെ കടുത്ത പ്രതിഷേധം വകവയ്‌ക്കാതെ ആയിരുന്നു നിരവധിയാളുകളെ വഴിയാധാരമാക്കി മോദി സർക്കാരിന്റെ ഈ മോടിപിടിപ്പിക്കൽ. പ്രതിഷേധിച്ച രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
വിവാദ ആൾദൈവം ആസാറാം ബാപ്പുവിന്റെ ആശ്രമം 45,000 ചതുരശ്ര മീറ്റർ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഗുജറാത്ത് ഹൈക്കോടതി ഫെബ്രുവരിയിൽ ഉത്തരവിട്ടെങ്കിലും അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെ ആണ് പാവങ്ങളെ വഴിയാധാരമാക്കിയത്.
ഇൗ നിയമലംഘനത്തിനു നേരെ നേരെ കണ്ണടയ്‌ക്കുന്ന സർക്കാർ സംവിധാനങ്ങളാണ് പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളെ തെരുവാധാരമാക്കിയത്. ഇതിന്റെ മറവിൽ അഹമ്മദാബാദിലെ നിരവധി ജനവാസ മേഖലകളാണ് ബിജെപി സർക്കാർ ഇടിച്ചുനിരത്തുന്നത്. മുസ്‌ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ മുമ്പ് നടത്തിയ ബുൾഡോസർരാജ് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
വൻ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു മൊട്ടേരയിലെ കുടിയൊഴിപ്പിക്കൽ. കുട്ടികളുടെ സ്‌കൂളുകൾ തുറക്കുകയും കാലവർഷം അടുത്തെത്തുകയും ചെയ്ത സാഹചര്യത്തിൽ ഇനി എങ്ങോട്ട് പോകുമെന്ന് ആണ് പ്രദേശവാസികൾ ചോദിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

