ബിജെപി ശ്രമിച്ചാല്‍ രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാകില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന രാഹുല്‍ഗാന്ധിയുടെ ലണ്ടനിലെ പരാമര്‍ശം വലിയ വിവാദമാക്കി മാറ്റുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ബിജെപി തന്നെ പ്രക്ഷുബ്ധമാക്കുകയാണ്. മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. അദാനി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം നീക്കം ശക്തമാക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഉയര്‍ത്തി തിരിച്ചടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഇതേകുറിച്ചുള്ള ചോദ്യത്തിനാണ് രാജ്യദ്രോഹം നടത്തുന്ന പാര്‍ടി ബിജെപിയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കൂടിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ പ്രതികരിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും ഇല്ലാത്ത പാര്‍ടിയാണ് ബിജെപി. എന്നിട്ടാണ് മറ്റുള്ളവരെ അവര്‍ രാജ്യദ്രോഹികളെന്ന് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ബിജെപിയാണ് രാജ്യദ്രോഹം നടത്തുന്നത്. ബിജെപി വിചാരിച്ചാല്‍ രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാകില്ല.

തൊഴിലില്ലായ്മയും വിലക്കയറ്റവും ഉണ്ടാക്കുന്ന പ്രതിസന്ധികളെ വഴിതിരിച്ചുവിടാനാണ് രാജ്യദ്രോഹം ഉയര്‍ത്തി ഭിന്നിപ്പിന് ബിജെപി ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയാണോ രാജ്യദ്രോഹി എന്ന ചോദ്യവും ഖാര്‍ഗെ ഉയര്‍ത്തി. രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുടെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ എന്തുകൊണ്ടാണ് പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ ബിജെപി അനുവദിക്കാത്തതെന്നും ഖാര്‍ഗെ ചോദിച്ചു. സര്‍ക്കാരിനും ബിജെപിക്കുമെതിരെ ശക്തമായ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News