
ന്യൂനപക്ഷങ്ങള്‍ക്കെതിരായ വഖഫ് നിയമത്തെ പിന്തുണച്ച് രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് വീടുകള്‍ കയറി പ്രചാരണം നടത്താനാണ് തീരുമാനം. എന്‍ഡിഎ സഖ്യകക്ഷികള്‍ പോലും നിയമത്തെനിരെ രംഗത്ത് വന്നത് തിരിച്ചടിയാകുമെന്ന ഭയത്തിലാണ് മുസ്ലിം വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ ക്യാമ്പയിന്‍.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്ന വഖഫ് നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നതോടെയാണ് നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കാനെന്ന എന്ന പേരില്‍ ബിജെപി പുതിയ പ്രചാരണ തന്ത്രം ആവിഷ്‌കരിക്കുന്നത്. മുസ്ലിം വിഭാഗങ്ങളെ കേന്ദ്രീകരിച്ച് വീടുകള്‍ കയറിയിറങ്ങി പ്രചാരണം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ന്യൂനപക്ഷ മോര്‍ച്ച നേതാവ് ജമ്മാല്‍ സിദ്ദിഖ് തുടങ്ങി നാലുപേര്‍ക്കാണ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല. ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ക്കായി പരിശീലന വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ളവര്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കും.. അതേസമയം എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിലടക്കം ബില്ലിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതും ബിജെപിക്ക് കടുത്ത സമ്മര്‍ദ്ദമാണ് ഉയര്‍ത്തുന്നത്, ബീഹാറില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെഡിയുവിലെ പൊട്ടിത്തെറി തിരിച്ചടിയായേക്കു മെന്നും ബിജെപി ഭയക്കുന്നു.. ഇതോടെ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പ്രചാരണം.
ബിഹാറില്‍ നിന്നുള്ള എംപിമാരെടക്കം വര്‍ഷോപ്പില്‍ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. വഖഫ് നിയമത്തിനെതിരെ രാജവ്യാപക പ്രതിഷേധവും ശക്തമാവുകയാണ്. ബംഗാളിലെ മുര്‍ഷിദാബാദില്‍ പ്രതിഷേധിച്ച 22 ഓളം പേര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുള്‍പ്പെട്ട ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ബിജെപി നിയമത്തെ അനുകൂലിച്ച് പ്രചാരണത്തിനൊരുങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here