എമ്പുരാന്‍ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ച പറ്റിയതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സംഘടനാതലത്തില്‍ നടപടി ഉണ്ടായേക്കാനാണ് സാധ്യത. അതേസമയം ജനറല്‍ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ തീരുമാനിക്കാന്‍ ആകാതെയാണ് കോര്‍ കമ്മിറ്റി യോഗം പിരിഞ്ഞത്.
ഗോദ്ര കലാപത്തിലെ സംഘപരിവാറിന്റെ പങ്ക് ഓര്‍മ്മപ്പെടുത്തുന്ന എമ്പുരാന്‍ സിനിമയിലെ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ വലിയതോതില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത്. ഇതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായതായി നേതാക്കള്‍ കുറ്റപ്പെടുത്തി. ഇവര്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടി ഉണ്ടാകുമെന്ന് സൂചന. അതേസമയം ആര്‍എസ്എസ് നോമിനികളെ അനുകൂലിച്ചും ചില നേതാക്കള്‍ രംഗത്തെത്തി. എമ്പുരാന്‍ സിനിമയെ പിന്തുണച്ചു കൊണ്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിനെതിരെയും ചിലര്‍ വിമര്‍ശനമുന്നയിച്ചു.
ALSO READ: തകര്‍ന്നടിഞ്ഞ് മാന്‍ഡലെ: മ്യാൻമര്‍- തായ്‌ലൻഡ് ഭൂകമ്പത്തില്‍ മരണം 100 കടന്നു
അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ തീരുമാനിക്കാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം സമവായത്തില്‍ എത്താതെയാണ് പിരിഞ്ഞത്. ആരെ കൂടെ നിര്‍ത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ എന്നാണ് സൂചന. പ്രസിഡന്റിന്റെ പ്രീതി പിടിച്ചു പറ്റാന്‍ തിരക്കുപിടിച്ച നീക്കത്തിലാണ് ചില നേതാക്കള്‍.
യോഗത്തിനുശേഷം മാധ്യമങ്ങളെ കാണാന്‍ രാജീവ് ചന്ദ്രശേഖര്‍ തയ്യാറായില്ല. എം ടി രമേശും ശോഭാ സുരേന്ദ്രനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇരിക്കെ ജൂനിയറായ പി സുധീറിനെയാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ ചുമതലപ്പെടുത്തിയത്.
അതേസമയം രാജീവ് ചന്ദ്രശേഖര്‍ ഓഫീസില്‍ ഇരിക്കെ സംസ്ഥാന കാര്യാലയത്തിലുണ്ടായ തമ്മില്‍ തല്ല് നേതാക്കള്‍ നിഷേധിച്ചു. എന്നാല്‍ പരാതിയുടെ പകര്‍പ്പ് സഹിതമായിരുന്നു കൈരളി ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

