
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി ജെ പി കൗൺസിലർ ആർ സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ ലൈബ്രറി ഹാളിൽ തിരുവനന്തപുരം മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതിയുടെ അനുമതിയോടെ കനത്ത സുരക്ഷയിലായിരുന്നു ചടങ്ങ്.
രാവിലെ 10:30 ഓടെ സെല്ലിനുള്ളിൽ നിന്നും കനത്ത സുരക്ഷയിലാണ് സുഗതനെ ജയിൽ ലൈബ്രറി ഹാളിലേക്ക് എത്തിച്ചത്. ചടങ്ങ് ആരംഭിക്കുന്നതുവരെ വേദിക്ക് താഴെയായിരുന്നു സുഗതൻ നിന്നത്. മേയറും കോർപ്പറേഷൻ സെക്രട്ടറിയും ജയിൽ സൂപ്രണ്ടും വേദിയിൽ എത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. സത്യപ്രതിജ്ഞയ്ക്ക് സെക്രട്ടറി ക്ഷണിച്ചതിന് ശേഷം മാത്രമാണ് സുഗതനെ വേദിയിൽ കയറ്റിയത്.
കോടതി നിർദേശിച്ച 11 മണിക്ക് വിയൂർ സെൻട്രൽ ജയിലിലെ ലൈബ്രറി ഹാളിൽ സത്യപ്രതിജ്ഞ നടന്നു. മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ എന്നതിന് പകരം ഗുരുദേവൻ്റെ പേരിൽ ചെയ്ത സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സുഗതന് പുനർ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. ഈശ്വരനാമത്തിലായിരുന്നു സുഗതൻ്റെ ജയിലിനുള്ളിലെ പുനർ സത്യപ്രതിജ്ഞ. നിയമാനുസൃതം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മേയർ വി വി രാജേഷ് പറഞ്ഞു.
ALSO READ: അയോധ്യ രാമക്ഷേത്രക്കൊള്ള: അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ വീണ്ടും ചോദ്യം ചെയ്യും
സത്യപ്രതിജ്ഞാ ചടങ്ങിൽ കോടതി നിർദ്ദേശം ലംഘിച്ച് നിരവധി ബി ജെ പി നേതാക്കൾ പങ്കെടുത്തു. ബി ജെ പി നേതാക്കളെ പ്രവേശിപ്പിക്കുന്നതിൽ ജയിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്താതിരുന്നത് വിവാദമായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

