ഹരിതകര്‍മ സേനയുടെ പണം തിരിമറി നടത്തിയവര്‍ക്ക് കൂട്ടുനിന്ന് ബിജെപി കൗണ്‍സിലര്‍; പരാതി നല്‍കിയവര്‍ക്കെതിരെ ഭീഷണി

BJP ODISHA

തിരുവനന്തപുരത്ത് ഹരിതകര്‍മ സേനയുടെ പണം തിരിമറി നടത്തിയവര്‍ക്ക് കൂട്ടുനിന്ന് ബിജെപി കൗണ്‍സിലര്‍. പുന്നയ്ക്കാമുകള്‍ വാര്‍ഡിലെ ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മൂന്ന് ലക്ഷം രൂപ തിരിമറി നടത്തിയത്. പരാതി നല്‍കിയ ഹരിതകര്‍മ സേനാംഗങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ബിജെപി കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം. കൗണ്‍സിലറുമായി ബന്ധപ്പെട്ട ചിലര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചു.

ഹരിതകര്‍മ സേനയുടെ യൂസര്‍ ഫീ അടക്കം കണ്‍സോര്‍ഷ്യം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ച് ഇതില്‍ നിന്നാണ് മാസശമ്പളം നല്‍കുന്നത്. എന്നാല്‍ വാര്‍ഡിലെ 13 പേരടങ്ങുന്ന ഹരിതകര്‍മ സേനയുടെ ശമ്പളം മുടങ്ങിയതോടെയാണ് തിരിമറി പുറത്തുവന്നത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പരാതി നല്‍കിയതോടെ ബിജെപി കൗണ്‍സിലറും സഹായികളും ഭീഷണിയുമായി രംഗത്ത്.

ALSO READ: ബുള്‍ഡോസര്‍ രാജ്; ഒഡിഷ സര്‍ക്കാരിന് തിരിച്ചടി; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ജെഎച്ച്‌ഐ നടത്തിയ പരിശോധനയില്‍ മൂന്നുലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മേയര്‍ക്ക് പരാതി നല്‍കിയതായി ഹരിത കര്‍മ്മ സേനാംഗം പ്രതിഭ പറഞ്ഞു. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന ബിജെപി കൗണ്‍സിലര്‍ പിവി മഞ്ജു തങ്ങളെ കള്ളി എന്ന് വിളിച്ച് അധിക്ഷേപിച്ചതായും പ്രതിഭ പറയുന്നു.

ഹരിതകര്‍മ സേനയുടെ ഗ്രൂപ്പില്‍ അടക്കം പ്രവര്‍ത്തകരോട് ബിഎംഎസില്‍ ചേരാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതിന് വിസമ്മതിച്ചതും വൈരാഗ്യത്തിന് ഇടയാക്കി. കള്ളക്കേസില്‍ കുടുക്കുമെന്ന് ബിജെപി കൗണ്‍സിലറും അനുയായികളും ഭീഷണിപ്പെടുത്തിയതായി പ്രതിഭയുടെ ഭര്‍ത്താവ് ജ്ഞാനകുമാര്‍.

അതേസമയം ഇടത് അംഗങ്ങള്‍ വിഷയം കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഉന്നയിച്ചത് ബഹളത്തിനിടയാക്കി. മേയറെ ഉള്‍പ്പെടെ വ്യക്തിപരമായി അധിക്ഷേപിച്ചാണ് ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയത്. വിഷയത്തില്‍ നിയമപരമായി നീങ്ങാനാണ് ഹരിത കര്‍മ്മ സേനാംഗങ്ങളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News