
ഉത്തരാഖണ്ഡില്‍ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ച മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. മുന്‍ ജ്വാലാപൂര്‍ എംഎല്‍എയും ബിജെപി നേതാവുമായ സുരേഷ് റാത്തോഡിനെയാണ് ബിജെപി പുറത്താക്കിയത്.
ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുളള വിവാഹം നിയമപരമായി വേര്‍പെടുത്താതെയായിരുന്നു സുരേഷ് റാത്തോഡ് നടി ഊര്‍മിള സനവാറിനെ അടുത്തിടെ വിവാഹം ചെയ്തത്. സുരേഷ് റാത്തോഡ് വാര്‍ത്താസമ്മേളനം വിളിച്ച് രണ്ടാം വിവാഹ വിവരം പരസ്യമാക്കുകയും ചെയ്തിരുന്നു.
ബഹുഭാര്യാത്വം നിരോധിക്കുന്ന ഏക സിവില്‍ കോഡ് നടപ്പാക്കിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സംഭവം വിവാദമായതോടെ ബിജെപി സുരേഷ് റാത്തോഡിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു. എന്നാൽ റാത്തോഡ് നല്‍കിയ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വം തൃപ്തരല്ലെന്നും പാര്‍ട്ടിയുടെ അച്ചടക്കവും സാമൂഹിക പെരുമാറ്റച്ചട്ടങ്ങളും തുടര്‍ച്ചയായി ലംഘിച്ചതായി കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് റാത്തോഡിനെ പുറത്താക്കിയത്.
‘ചില കാരണങ്ങള്‍ മൂലം ഞാന്‍ ഈ ബന്ധം ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. ഇക്കാര്യം ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ്’ എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് റാത്തോഡ് പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here