സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും പേരിൽ കള്ളവോട്ട്; ഒരേ പേരിലുള്ള ആളുകളെ എത്തിച്ചത് ബിജെപി

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും പേരിൽ ബിജെപി കള്ളവോട്ട് ചെയ്തതായി റിപ്പോർട്ട്. ഒരേ വീട്ടുപേരിലുള്ള ഒരേ പേരുകാരായ ദമ്പതിമാരെ എത്തിച്ചാണ് കള്ളവോട്ട് ചെയ്തത്. പാലാ നിയോജക മണ്ഡലത്തിലെ തലപ്പലം പഞ്ചായത്തിലെ 85ാം നമ്പർ പനയ്ക്കപ്പാലം സ്വാമിവിവേകാനന്ദ വിദ്യാലയത്തിലെ ബൂത്തിൽ വ്യാഴം രാവിലെ 11നാണ് സംഭവം.


ഇഞ്ചോലിക്കാവ് ഉന്നതിയിൽ താമസക്കാരായ 85ാംനമ്പർ ബൂത്തിലെ വോട്ടറായ ആശാരിപറമ്പിൽ ജോസ് ദേവസ്യ, ഭാര്യ ലിസി ജോസ് എന്നിവരുടെ വോട്ടാണ് ഇവർ എത്തും മുൻപ് ചെയ്തത്. സിപിഐ എം ഇഞ്ചോലിക്കാവ് ബ്രാഞ്ച് സെക്രട്ടറിയും എൽഡിഎഫ് ബൂത്ത് സെക്രട്ടറിയുമാണ് ജോസ് ദേവസ്യ. ഇഞ്ചോലിക്കാവ് ഉന്നതിയിൽ താമസക്കാരായ ആശാരിപറമ്പിൽ ജോസ്, ഭാര്യ ലിസി എന്നിവരാണ് കള്ളവോട്ട് ചെയ്തത്.

മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത ദമ്പതിമാർ ആധാർ കാർഡ് ഹാജരാക്കിയാണ് കള്ളവോട്ട് ചെയ്തത്. പോളിംങ് ഉദ്യോഗസ്ഥർ ബൂത്തിലെ വോട്ടർ പട്ടികയിലെയും ആധാർ കാർഡിലെയും ഫോട്ടോ പരിശോധിക്കാതെയാണ് വ്യാജ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവർ വോട്ട് രേഖപ്പെടുത്തി മടങ്ങിയ ശേഷമാണ് വ്യാജ വോട്ടർമാരാണെന്ന് എൽഡിഎഫ് ബൂത്ത് ഏജൻ്റിനും ഉദ്യോഗസ്ഥർക്കും മനസിലായത്.

പകൽ 12.45ഓടെ യഥാർഥ വോട്ടർമാരായ ദമ്പതിമാർ വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഇരുവരും ബൂത്തിൽ എത്തിയപ്പോഴാണ് ഇവരുടെ പേരിലുള്ള വോട്ട് മറ്റാരോ രേഖപ്പെടുത്തിയ വിവരം അറിയുന്നത്. തുടർന്ന് എൽഡിഎഫ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് വ്യാജ വോട്ടർമാരായെത്തിയ ദമ്പതിമാരുടെ പേര് പട്ടികയിൽ ഇല്ലന്നും ഇവരാണ് കള്ളവോട്ട് ചെയ്തതെന്നും തിരിച്ചറിഞ്ഞത്.

ഇവരെ ബിജെപി പ്രവർത്തകർ ഓട്ടോറിക്ഷയിൽ എത്തിച്ച് വോട്ട് ചെയ്ത് തിരികെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് എൽഡിഎഫ് ബൂത്ത് ഭാരവാഹികൾ പറഞ്ഞു. തങ്ങളുടെ പേരിലുള്ള വോട്ട് വ്യാജ വോട്ടർമാർ രേഖപ്പെടുത്തിയതിനെതിരെ ജോസ് ദേവസ്യയും ഭാര്യയും പ്രിസൈഡിംങ് ഓഫീസർക്ക് പരാതി നൽകി. കള്ളവോട്ട് ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വികരിക്കണമെന്നും എൽഡിഎഫ് ഭാരവാഹികൾ ഇലക്ഷൻ കമിഷനോടും പൊലിസിനോടും ആവശ്യപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News