ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന്റെ ‘ബുള്‍ഡോസര്‍ രാജ്’; വ്യാപാര സ്ഥാപനങ്ങൾ ഇടിച്ചു നിരത്തി

ഹരിയാനയില്‍ വര്‍ഗീയ കലാപമുണ്ടായ നൂഹ് ജില്ലയിലാണ് ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബുള്‍ഡോസര്‍ രാജും തുടരുന്നത്. മൂന്ന് ദിവസത്തിനുളളില്‍ നിരവധി കുടിലുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി. നൂഹില്‍ ഷഹീദ് ഹസന്‍ ഖാന്‍ മേവാത്ത് മെഡിക്കല്‍ കോളേജിന് മുന്നില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കം ഇരുപത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളാണ് അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചുമാറ്റിയത്.

Also Read: ഹരിയാന വര്‍ഗീയ കലാപം: ദുരിതത്തിലായി മലയാളി വിദ്യാര്‍ത്ഥികള്‍

നൂഹില്‍ വിവിധ ഭാഗങ്ങളിലായി അറുപതിലധികം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. നൂഹില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ തൗരുവില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ നിര്‍ദേശപ്രകാരമാണ് പൊളിക്കല്‍ നടപടികളെന്ന് നൂഹ് ജില്ലാ മജിസ്ട്രേട്ട് അശ്വനി കുമാര്‍ അറിയിച്ചു.

എന്നാല്‍ ന്യൂനപക്ഷ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാവപ്പെട്ടവരുടെ വീടുകള്‍ മാത്രമാണ് പൊളിക്കുന്നത്. ഭരണപരാജയം മറച്ചുവയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ തെറ്റായി നീങ്ങുകയാണെന്നും നൂഹ് എംഎല്‍എയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവുമായ അഫ്താബ് അഹമദ് ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് തുടങ്ങിവച്ച ബുള്‍ഡോസര്‍ രാഷ്ട്രീയമാണ് ഹരിയാനയിലും ബിജെപി പരീക്ഷിക്കുന്നത്. അതിനിടെ ഹരിയാനയില്‍ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ആഗസ്റ്റ് എട്ട് വരെ നീട്ടി. സംഘപരിവാര്‍ സംഘടനകളായ വിഎച്ച്പിയും ബജ്‌റംഗദളും ആരംഭിച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്രയെ തുടർന്നുണ്ടായ കലാപത്തില്‍ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്.

Also Read: അസമിൽ ജാപ്പനീസ് എൻസഫലൈറ്റിസ് രോഗം ബാധിച്ച് 11 പേർ മരിച്ചു; 254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News