
ബി ജെ പി ദേശീയ നേതൃത്വത്തിന് തലവേദനയായി ലക്ഷദ്വീപ് ഘടകം. അഴിമതിക്കെതിരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ ദ്വീപ് ഘടകത്തില്‍ അഴിമതിക്കാരും സി ബി ഐ അന്വേഷണം നേരിടുന്നവരുമായ നേതാക്കളാണുള്ളത്. സമ്പൂര്‍ണ ശുദ്ധീകരണമാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ തേടുകയാണ് നേതാക്കള്‍. അതേസമയം, ദ്വീപിൽ സി പി ഐ എം വളരുകയാണ്.
ലക്ഷദ്വീപില്‍ സി പി ഐ എമ്മിന്റെ വർധിച്ചുവരുന്ന സ്വാധീനം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ബി ജെ പി നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുന്നത്. പവന്‍ഹാന്‍സ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ സി ബി ഐ അന്വേഷണം നേരിടുന്ന വ്യക്തി ബി ജെ പി ദ്വീപ് ഘടകം ജനറല്‍ സെക്രട്ടറി ആയത് എങ്ങനെ എന്ന ചോദ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നു. അഴിമതിക്കാരും സാമ്പത്തിക തിരിമറി കേസില്‍ പ്രതിയായവരും സ്ഥിരം കുറ്റവാളികളും അച്ചടക്ക ലംഘനം നടത്തിയതിന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്തായവരുമാണ് പാര്‍ട്ടി നേതൃത്വത്തിലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയെ ഉപയോഗിച്ച് കേസുകള്‍ തേച്ച് മായ്ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
പ്രതിപക്ഷത്തുണ്ടായിരുന്ന പല നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ നോട്ടറിമാരായത് എങ്ങനെയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലെത്തി ദ്വീപ് ഘടകം അധ്യക്ഷനായ കെ എന്‍ കാസ്മി കോയ പാര്‍ട്ടിയെ തകര്‍ക്കാന്‍ നിലകൊള്ളുമ്പോള്‍ സി പി ഐ എം അനുദിനം വളര്‍ച്ച കൈവരിക്കുന്ന കാര്യവും ഒരു വിഭാഗം നേതാക്കള്‍ ദില്ലിയിലെ ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണിയാണ് ഈ നേതാക്കളുടെ ആവശ്യം. പാര്‍ട്ടി ഫണ്ട് വിനിയോഗത്തില്‍ പോലും അന്വേഷണം വേണമെന്ന ആവശ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here