
ആശാ പ്രവര്‍ത്തകര്‍ക്കുളള കുടിശിക സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് ബിജെപി എംപി രേഖ ശര്‍മ്മ. തൊഴിലിന്റെ പ്രാധാന്യം അനുസരിച്ചുളള വേതനം ആശമാര്‍ക്ക് ലഭിക്കുന്നില്ലെന്നും രാജ്യസഭയില്‍ ബിജെപി എംപി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് വി ശിവദാസന്‍ എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുവദിച്ചില്ല. ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളും വിഷയം ഉന്നയിച്ചു.
ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭയിലും രാജ്യസഭയിലും ഒരുപോലെ ഉന്നയിക്കപ്പെട്ടപ്പോള്‍, ഏറ്റവും ശ്രദ്ധേയമായത് ഹരിയാനയില്‍ നിന്നുളള ബിജെപി എംപി രേഖാ ശര്‍മ്മയുടെ പ്രസ്താവനയായിരുന്നു. ആശാപ്രവര്‍ത്തകര്‍ക്കുളള കുടിശിഖ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. തൊഴിലിന്റെ പ്രാധാന്യം അനുസരിച്ചുളള വേതനം ആശമാര്‍ക്ക് ലഭിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിനെതിരെ ബിജെപി എംപിയുടെ പരാതി.
ALSO READ; ഛത്തീസ്ഗഡ്: മദ്യനയക്കേസിൽ മുന്‍ മുഖ്യമന്ത്രിയുടെ വസതിയിൽ ഇഡി റെയ്ഡ്
കേരളത്തിന് ഒരു രൂപ പോലും കുടിശിക നല്‍കാനില്ലെന്ന കേന്ദ്രമറുപടിയും സുരേഷ് ഗോപി ഉള്‍പ്പെടെ ബിജെപി നേതാക്കളുടെ രാഷ്ട്രീയനാടകവും തുറന്നുകാട്ടുന്നതായി മാറി രേഖാ ശര്‍മ്മയുടെ രാജ്യസഭയിലെ ചോദ്യം. അതേസമയം വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് ലോക്‌സഭയില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടു. ശശി തരൂര്‍, കെ സി വേണുഗോപാല്‍, ഉള്‍പ്പെടെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു. സിപിഐഎം എംപി വി ശിവദാസന്‍ ആശാപ്രവര്‍ത്തകരെ തൊഴിലാളികളായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുവദിച്ചില്ല.
പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും ഉണ്ടായിട്ടും, വർഷങ്ങളായി ഒരു രൂപ പോലും കേന്ദ്രം വര്ധിപ്പിക്കുന്നില്ല. കേരളം പോലുള്ള സംസ്ഥാനങ്ങൾ സ്‌കീം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം നല്കാൻ ശ്രമിക്കുമ്പോഴും , കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ‘ചെലവ് ചുരുക്കൽ നടപടികൾ’ ഓണറേറിയം വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഒരു ഇടവും നൽകുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്‌കീം തൊഴിലാളികളെ തൊഴിലാളികളായി പ്രഖ്യാപിക്കുകയും അവരുടെ അന്തസ്സ് മാനിക്കുകയും വേണമെന്നും ആവശ്യമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

