
ബിജെപിയുടെ ഇരട്ടത്താപ്പ് രാഷ്ട്രീയ നയത്തിനെതിരെ കേരള കാമരാജ് കോൺഗ്രസ് ഭാരവാഹിയായ വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തി. പാറശ്ശാല കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടി പ്രവർത്തനം നടത്തിയിട്ടും പാറശ്ശാല സീറ്റ് നൽകണമെന്ന ആവശ്യം എൻഡിഎ പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തിയത്.
പണം നോക്കി സീറ്റ് നൽകുന്ന പാർട്ടിയായി ബിജെപി അധപതിച്ചിരിക്കുകയാണെന്നും, ഈ തെറ്റ് ഉടൻ തിരുത്തണമെന്നും ചന്ദ്രശേഖരൻ വിമർശിച്ചു. പാർട്ടിക്കുള്ളിൽ ഒരു ഗ്രൂപ്പിന്റെ ആധിപത്യമാണുള്ളതെന്നും ഘടകകക്ഷികളെ ചേർത്തുപിടിക്കുന്ന സമീപനം ബിജെപിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടു നേടുക എന്ന ലക്ഷ്യത്തിനപ്പുറം ഘടകകക്ഷികളുമായി ആത്മാർത്ഥ സഹകരണമില്ലെന്നും, സാധാരണക്കാരനെ അവഗണിക്കുന്ന രാഷ്ട്രീയമാണ് ബിജെപി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഒരുമിച്ച് ഭരിക്കാനുള്ള വ്യഗ്രതയാണ് ബിജെപിക്കുള്ളത്. ഇത് സാമൂഹിക നീതിയല്ല മറിച്ച് പറ്റിപ്പ് രാഷ്ട്രീയം ആണെന്നും ചന്ദ്രശേഖരൻ വിമർശിച്ചു. എൻഡിഎയിൽ നിന്നുതന്നെ സ്ഥാനാർത്ഥി നിൽക്കണമെന്ന നിർബന്ധമില്ലെന്നും, മുഴുവൻ സ്ഥാനാർത്ഥി പട്ടിക പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരിടത്തും കേരള കാമരാജ് കോൺഗ്രസ് എൻഡിഎയുടെ ഭാഗമായി മത്സരിക്കില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
പാറശ്ശാല, അരുവിക്കര, പേരാമ്പ്ര മണ്ഡലങ്ങൾ നൽകാമെന്ന് മുൻപ് വാഗ്ദാനം ചെയ്തിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിൽ ബൂത്ത് തലത്തിൽ പോലും പ്രവർത്തനം ആരംഭിച്ചിരുന്നുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആറു ഘടകകക്ഷികൾ സംസ്ഥാന അധ്യക്ഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ ഒറ്റയ്ക്ക് നിന്ന് മത്സരിക്കണമോയെന്ന കാര്യത്തിൽ മാർച്ച് 20ന് തീരുമാനമെടുക്കുമെന്നും, സ്ഥാനാർഥി പട്ടിക പുറത്ത് വരട്ടെയെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

