ഇരട്ടത്താപ്പിന് മറുപടിയില്ല, വിചാരധാരയിലും നിശബ്ദത, ന്യായീകരണമില്ലാതെ കുഴഞ്ഞ് ബിജെപി

ക്രൈസ്തവരോട് ബിജെപി ഇരട്ടത്താപ്പ് നയം തുടരുന്നുവെന്ന ആരോപണത്തിന് മറുപടിയില്ലാതെ സംസ്ഥാന ബിജെപി നേതൃത്വം. ക്രിസ്തുമസ് ആഘോഷങ്ങളെ വിമര്‍ശിച്ചുള്ള ആര്‍എസ്എസ് മേധാവിയുടെ ലേഖനത്തില്‍ ബിജെപി നിലപാടെന്തെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ ചോദ്യത്തിന് മുന്നില്‍ ബിജെപി നേതാക്കള്‍ക്ക് ഉത്തരം മുട്ടി. വിചാരധാരയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനും ബിജെപി നേതാക്കള്‍ തയ്യാറായില്ല

വിചാരധാരയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന ബിജെപി നേതാവ് എംടി രമേശിന്‍റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് മുഖപ്രത്രമായ ഓര്‍ഗനൈസറിലെ ലേഖനം മുന്‍നിര്‍ത്തി മന്ത്രി മുഹമ്മദ് റിയാസ് ബിജെപിയെ വെല്ലുവിളിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയ ഓര്‍ഗനൈസറില്‍ ക്രിസ്തുമസ് ആഘോഷത്തെ ഡിസാസ്റ്റര്‍ സെലിബ്രെഷൻ എന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തന്‍റെ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. ഇതില്‍ സംസ്ഥാന ബിജെപി നേതാക്കളുടെ നിലപാടെന്തെന്നായിരുന്നു റിയാസിന്‍റെ ചോദ്യം.

എന്നാല്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന് കഴിഞ്ഞില്ല. പകരം മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. കേന്ദ്രമന്ത്രി വി മുരളീധരനും ഓര്‍ഗനൈസറിലെ ലേഖനം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. വിചാരധാരയെക്കുറിച്ച് എം.ടി രമേശ് പറഞ്ഞ അഭിപ്രായത്തോട് പ്രതികരിക്കാനും മുരളീധരന്‍ തയ്യാറായില്ല. വിചാരധാരയെ എംടി രമേശ് തള്ളിപ്പറഞ്ഞതില്‍ ബിജെപിക്കകത്ത് ശക്തമായ ഭിന്നത നിലനില്‍ക്കെയാണ് ആര്‍എസ്എസ് മേധാവിയുടെ ലേഖനം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here