ഓന്ത് നിറം മാറുമോ ഇതുപോലെ? ഈ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് വിസ്മയങ്ങൾ ആരൊക്കെയെന്ന് അറിയുമോ?

bjp udf assembly election

ജനകീയ സർക്കാരിന്റെ ജനസമ്മതിയിലും ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയിലും വിറളിപൂണ്ടിരിക്കുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ഗോദയിലെങ്ങും ഇടതു മുന്നണിക്ക് ലഭിക്കുന്ന അഭൂതപൂർവമായ മുന്നേറ്റത്തിന് മറുപടി നൽകാനാകാത്ത സതീശനും കൂട്ടരും ബിജെപി-സിപിഐഎം ‘ഡീൽ’ എന്ന വ്യാജ ആരോപണം ഉന്നയിച്ചു വോട്ടർമാരിൽ അങ്കലാപ്പ് സൃഷ്ടിക്കാനുള്ള വിഫല ശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

സിജെപി എന്നാൽ “കോണ്ഗ്രസ്സ് ജനതാ പാർട്ടി’ ആണെന്നതിന്റെ തെളിവുകൾ കേരള സമൂഹത്തിനു മുന്നിൽ വ്യക്തമാണ്. നിലവിൽ കേരളത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ പ്രതിനിധികളായി മത്സരിക്കുന്ന ഒരു ഡസൻ സ്ഥാനാർത്ഥികളെങ്കിലും നേരത്തെ കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ആയിരുന്നവരാണ്. ഇതിൽ തന്നെ പത്ത് എണ്ണം പറഞ്ഞ സ്ഥാനാർതഥികൾ ബിജെപി പ്രതിനിധികളായാണ് മത്സരിക്കുന്നത്.

Also read : പ്രചാരണ വാഹനങ്ങൾക്ക് ഓൺലൈൻ അനുമതി വേണം: സുവിധാ പോർട്ടൽ ഉപയോ​ഗിക്കാം; നടപടികൾ ലളിതമാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ പേര് പത്മജ വേണുഗോപാലിന്റെയാണ്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസിന്റെ വട്ടിയൂർക്കാവിലെ സ്ഥാനാർത്തിയായ കെ മുരളീധരന്റെ സഹോദരിയുമായി പത്മജ മത്സരിക്കുന്നത് പിതാവിന്റെ തട്ടകമായ തൃശൂർ മണ്ഡലത്തിൽ നിന്നുമാണ്. കൈപ്പത്തി ചിഹ്നത്തിൽ രണ്ട തവണ നിയമസഭയിലേക്കും ഒരിക്കൽ ലോക്സഭയിലേക്കും മത്സരിച്ച പദ്മജ ഇത്തവണ മാറ്റുരയ്ക്കുന്നത് താമര അടയാളത്തിലാണ്.

മറ്റൊരു സിജെപി വിസ്മയം ബിജെപി ഒറ്റപ്പാലം സ്ഥാനാർത്ഥി മേജർ രവിയാണ്. സിനിമരംഗത്ത് നിന്നും സ്ഥാനാർഥിപട്ടികയിലേക്കെത്തിയ രവി 2021ൽ കോൺഗ്രസിൽ ചേർന്ന ശേഷം 2023 ലാണ് ബിജെപിയിലേക്ക് കൂടുമാറിയത്. മറ്റൊരു വിസ്മയം ചിറ്റൂരിലെ ബിജെപി സ്ഥാനാർത്ഥിയായ പ്രാണേഷ് രാജേന്ദ്രൻ ആണ്. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റായിരുന്ന പ്രാണേഷ് പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേർന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.

മറ്റൊരു വിസ്മയം പ്രതിപക്ഷ നേതാവിന്റെ സ്വന്തം മണ്ഡലത്തിലാണ്. പറവൂർ നഗരസഭ മുൻ ചെയർപേഴ്സണും കെ പി സി സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വത്സല പ്രസന്നകുമാർ കഴിഞ്ഞ മാസമാണ് ബിജെപി അംഗത്വം എടുത്തത്. 25 വർഷത്തോളം തുടർച്ചയായി പറവൂർ നഗരസഭ കൗൺസിലറായിരുന്ന വത്സല പ്രസന്നകുമാർ എഐസിസി അംഗമായും മഹിള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവർത്തിച്ചിരുന്നു.

കോണ്‍ഗ്രസ് വിട്ട എം.ജെ. ജോബ് ആണ് ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്. മറ്റൊരു രസകരമായ വിസ്മയം അടൂരിലെ ബിജെപി സ്ഥാനാർത്ഥി പന്തളം പ്രതാപൻ ആണ്. മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ്റെ സഹോദരനാമായ പന്തളം പ്രതാപൻ 2021ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടൂരിൽ നിന്നുള്ള സാധ്യത പട്ടികയിൽ പേരുള്ള ആളായിരുന്നു. എന്നാൽ 2021 ഇൽ ബിജെപിയിൽ ചേർന്ന പ്രതാപനാണ് ഇക്കുറിയും ബിജെപി സ്ഥാനാർത്ഥി.

മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ആർ. എസ്. അരുൺരാജ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് കഴിഞ്ഞ ആഴ്ചയാണ്. രമ്യ ഹരിദാസിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട അരുൺരാജ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത് ചടയമംഗലം മണ്ഡലത്തിൽ നിന്നുമാണ്.

മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥ് 2023-ലാണ് കോൺഗ്രസ് വിട്ടത്. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ബിജെപി ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കി എന്ന് പരക്കെ കരുതപ്പെടുന്ന രഘുനാഥ് ഇത്തവണ ബിജെപിയുടെ കണ്ണൂർ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ബി എസ് അനൂപ് ഇത്തവണ താമര ചിഹ്നത്തിലാണ് മത്സരിക്കുക.
ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട 2021 യുഡിഎഫ് സ്ഥാനാർത്ഥിയും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന ആർ. രശ്മി ഇക്കുറി ബിജെപി പ്രതിനിധിയായി മത്സരിക്കും.

താമര ചിഹ്നത്തിൽ മത്സരിക്കുന്നത് കൂടാതെ ബിജെപി സഖ്യകക്ഷികൾക്കായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ കോൺഗ്രസ്സുകാരുമുണ്ട്. റിയാലിറ്റി ഷോ താരവും കോൺഗ്രസ് പ്രവർത്തകനുമായ അഖിൽ മാരാർ തൃക്കാക്കരയിൽ ട്വൻറി ട്വൻറിയുടെ സ്ഥാനാർത്ഥിയാണ്. കോൺഗ്രസിൽ നിന്ന് സീറ്റ് കിട്ടാത്തതിനെ തുടർന്നായിരുന്നു മാരാരുടെ വിസ്മയ മാറ്റം. ഈ മാസം ആദ്യം അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നു കോൺഗ്രസ് വിട്ട അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ നിന്നും മത്സരിക്കുന്നത് ബിജെപി സഖ്യകക്ഷിയായ ട്വന്റി ട്വൻറിയുടെ സ്ഥാനാർത്ഥിയായാണ്.

ഇങ്ങനെ ബിജെപിയിലേക്ക് പോയവരും പോകാൻ നിൽക്കുന്നവരുമായ നിരവധി നേതാക്കൾ നിറഞ്ഞ കോൺഗ്രസ് ഇടതുപക്ഷത്തിനെതിരെ വാളോങ്ങുന്നത് പൊതുജനം ചിരിച്ചുതള്ളിക്കഴിഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ മുഖ്യമന്ത്രിമാരും നേതാക്കളുമടക്കം കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള ‘മറ്റത്തൂർ മോഡൽ’ നിറം മാറൽ വിദൂരമല്ല എന്നാണ് നിലവിലെ ഒഴുക്ക് തരുന്ന സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News