‘ആർഎസ്എസിന്റെ ക്രൈസ്തവ പ്രണയം വോട്ടിന് വേണ്ടിയുള്ള അശ്ലീലനാടകം മാത്രമാണ്’, എ.എ റഹീം

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ മതനേതാക്കളെ സന്ദർശിച്ചതിൽ പ്രതികരണവുമായി എ.എ റഹീം എം.പി. വിചാരധാരയിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് റഹീം എം.പി പ്രതികരിച്ചത്.

ആർ.എസ്.എസ് ഒരാൾകൂട്ടമല്ല, കൃത്യമായ ലക്ഷ്യത്തോടെ നീങ്ങുന്ന ഒരു രാഷ്ട്രീയപദ്ധതിയാണ്. അവർ അഭിനയിക്കുന്ന ഈ ക്രൈസ്തവ സ്നേഹം കേവലം വോട്ടിന് വേണ്ടിയുള്ള അശ്ലീലനാടകം മാത്രമാണ്. ആർഎസ്എസിന്റെ സുവിശേഷങ്ങൾ എന്ന് പറഞ്ഞുതുടങ്ങുന്ന റഹീം വിചാരധാരയിൽ ക്രൈസ്തവരെ പരാമർശിക്കുന്ന ഭാഗങ്ങൾ എടുത്തുകാട്ടുന്നു. സേവനം, മനുഷ്യമുക്തി എന്നീ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ക്രൈസ്തവർ നടത്തിക്കൂട്ടുന്ന കാര്യങ്ങളെന്ത്, കോൺഗ്രസ് ഭരണം ക്രൈസ്തവ ഭരണമെന്ന് ഗോൾവാൾക്കർ പറഞ്ഞുവെക്കുന്ന ഭാഗങ്ങൾ തുടങ്ങിയവ എടുത്തുകാട്ടിയാണ് റഹീം കുറിപ്പെഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ആർഎസ്എസിന്റെ സുവിശേങ്ങൾ
“ക്രൈസ്തവരെ സംബന്ധിച്ചാണെങ്കിൽ ബാഹ്യ നിരീക്ഷകന് അവർ തീരെ നിരുപദ്രവകാരികളായി മാത്രമല്ല;മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂർത്തിമത്ഭാവങ്ങളായി പോലും തോന്നും!
മനുഷ്യ വർഗ്ഗത്തെ ഉദ്ധരിക്കുന്നതിനായി സർവ്വശക്തനാൽ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടിൽ ‘സേവനം’, ‘മനുഷ്യന്റെ മുക്തി’
തുടങ്ങിയ വാക്കുകൾ അവരുടെ പ്രഭാഷണങ്ങളിൽ ധാരാളം കേൾക്കാം. എല്ലായിടത്തും അവർ സ്‌കൂളുകളും കോളേജുകളും ആശുപത്രികളും നടത്തുന്നു.
ശുദ്ധരും നിഷ്കളങ്കരുമായ നമ്മുടെ ആളുകൾ ഇതെല്ലാം കണ്ടു ഭ്രമിച്ചുപോകുന്നു.ഇത്തരം പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിൽ ക്രൈസ്തവരുടെ യഥാർത്ഥമായ ഉദ്ദേശ്യമെന്താണ്??”.

എന്തിനാണ് സ്‌കൂളും,കോളേജുകളും,ആശുപത്രികളും ക്രൈസ്തവർ നടത്തുന്നതെന്ന് വിചാരധാരയുടെ 283 മുതൽ 291 വരെയുള്ള പേജുകളിൽ (മലയാള വിവർത്തനം,മൊഴിമാറ്റം പി മാധവ്ജി)വിവരിച്ചു വച്ചിട്ടുണ്ട്.
വിസ്താര ഭയത്താൽ ഇവിടെ ആ വികൃതമായ വിശകലനങ്ങൾ എഴുതി നിറയ്ക്കുന്നില്ല. നാഗാ കുന്നുകൾ മുതൽ ഇങ്ങ് കേരളത്തിലെ വരെ ക്രൈസ്തവ പുരോഹിതരെ കുറിച്ചും വിശ്വാസികളെ കുറിച്ചും ആർഎസ്എസ് ആചാര്യൻ എഴുതിനിറച്ച പെരും നുണകൾ, അഥവാ ആർഎസ്എസിന്റെ സുവിശേഷങ്ങൾ!!

“ആഗോള കതന്ത്രത്തിന്റെ ദല്ലാളുകൾ”എന്നാണ് ഒരു ഭാഗത്തെ തലക്കെട്ട് തന്നെ. ആതുര ശുശ്രൂഷയിൽ, വിദ്യാഭ്യാസത്തിൽ നിർണായകമായ സംഭവനകൾ ചെയ്ത ക്രൈസ്തവ സഭകൾക്കെതിരായ വിഷം തുപ്പുന്ന വാക്കുകൾ. ഹിന്ദു വിഭാഗത്തിനിടയിൽ,ക്രൈസ്തവർക്കെതിരെ ഭീതിയും വെറുപ്പും ഉൽപ്പാദിപ്പിക്കാൻ ഓരോ വാക്കിലും ഗോൾവാൾക്കർ ഈ പുസ്തകത്തിൽ ശ്രമിക്കുന്നുണ്ട്. അതിനായി പറയുന്നതൊക്കെ കല്ല് വച്ച നുണകളും.

ഒരുദാഹരണം നോക്കൂ, “ഏറ്റവും അടുത്തകാലത്ത് ബ്രിട്ടീഷുകാർ പോയതിനുശേഷം കോൺഗ്രസ്സ് ഭരണത്തിൽ തന്നെ (വാസ്തവത്തിൽ ക്രൈസ്തവ ഭരണം!) കേരളത്തിൽ വിഖ്യാതമായ ശബരിമല ക്ഷേത്രത്തിലടക്കം നൂറുകണക്കിന് പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങൾ ക്രൈസ്തവ തെമ്മാടികളാൽ നശിപ്പിക്കപ്പെട്ടു. അവിടുത്തെ വിഗ്രഹങ്ങൾ തച്ചുടയ്ക്കുകയുണ്ടായി.”(വിചാരധാര,മലയാള പരിഭാഷ,പേജ് 291)
വിചാരധാരയുടെ രണ്ടാം ഭാഗത്ത് 11,12,13 അധ്യായങ്ങളിലായാണ് ആന്തരിക ഭീഷണികളെ കുറിച്ച് ഗോൾവൽക്കർ വിശദമാക്കുന്നത്.അതിൽ ഒരധ്യായം തന്നെ ക്രൈസ്തവരെ പുലഭ്യം പറയാൻ മാത്രം ആർഎസ്എസ് ആചാര്യൻ നീക്കിവച്ചിട്ടുണ്ട്.

ഓർക്കണം, ആർഎസ്എസ് ഒരാൾക്കൂട്ടമല്ല. വ്യക്തമായ ലക്ഷ്യത്തോടെ നീങ്ങുന്ന ഒരു രാഷ്ട്രീയ പദ്ധതിയാണവരുടേത്. ആ അപകടകരമായ രാഷ്ട്രീയ പദ്ധതി വിശദമാക്കുന്ന അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നാണ് മാധവ് സദാശിവ ഗോൾവൽക്കറുടെ വിചാരധാര. ആർഎസ്എസ് ഈ ദിവസങ്ങളിൽ അഭിനയിച്ചു ഓവറാക്കുന്ന ക്രൈസ്തവ പ്രണയം വോട്ടിനു വേണ്ടിയുള്ള വെറും അശ്ലീല നാടകം മാത്രമാണ്.
ഇപ്പോൾ കേരളത്തിൽ അഭിമാനത്തോടെ നമുക്കെല്ലാവർക്കും ജീവിക്കാം. നാളെയും അതങ്ങനെ തന്നെയാകണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here