
ജീവികളിൽ മാത്രം കാണുന്നതും പ്രത്യേക രീതിയിൽ സംവിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ് രക്തം അഥവാ ചോര. പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും, അവിടെ നിന്നും വിസർജ്ജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. ഹോർമോണുകളെ കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, താപനില നിയന്ത്രിക്കുക എന്നിവയും രക്തത്തിന്റെ പ്രവൃത്തികളിൽപെടും. ഏതെങ്കിലും പ്രത്യേക രക്തഗ്രൂപ്പുകാർക്ക് ചൂട് കൂടുതൽ അനുഭവപ്പെടാറുണ്ടോ? അങ്ങനെയൊരു സംശയം നിങ്ങൾക്ക് തോന്നിട്ടുണ്ടോ ? എന്നാൽ അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ദില്ലിയിലെ സികെ ബിർള ആശുപത്രിയിലെ ഡോ. നരന്ദർ സിംഗ്ല.
രക്തഗ്രൂപ്പുകളും ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ചൂടും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ കോശ പ്രതലങ്ങളിലെ കാർബോഹൈഡ്രേറ്റ് രക്തഗ്രൂപ്പ് ആന്റിജനുകളുടെ സാന്നിധ്യം കാരണം ചില രക്തഗ്രൂപ്പുകാർക്ക് കൂടുതൽ ചൂട് അനുഭവപ്പെടാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. താപ സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിൽ ഈ ആന്റിജനുകൾക്ക് ഒരു പങ്കു വഹിക്കാൻ കഴിയും.
ALSO READ: എട്ട് വർഷമായി പതിവായി കഴിക്കുന്നു; ബിഗ് ബോസ് താരത്തിന്റെ മരണത്തിന് കാരണം ആന്റി-ഏജിംഗ് മരുന്നുകൾ ?
ഒ രക്തഗ്രൂപ്പുള്ള വ്യക്തികൾക്ക് ഉയർന്ന അഡ്രിനാലിൻ അളവ് ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഇത് സമ്മർദം അല്ലെങ്കിൽ ശാരീരിക പ്രവർത്തന സമയത്ത് ഹൃദയമിടിപ്പും ശരീര താപനിലയും വർധിപ്പിക്കും. അവരുടെ ശരീരത്തിന് കൂടുതൽ ചൂട് ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് നവി മുംബൈയിലെ ഖാർഘറിലെ മെഡിക്കോവർ ഹോസ്പിറ്റലിലെ ഡോ.ബാദൽ താവോറി പറഞ്ഞു.
എബി അല്ലെങ്കിൽ ബി രക്തഗ്രൂപ്പുള്ള ആളുകൾക്ക് രക്തചംക്രമണത്തിലെയും രോഗപ്രതിരോധ പ്രതികരണങ്ങളിലെയും വ്യത്യാസങ്ങൾ കാരണം ചൂട് അനുഭവപ്പെടുന്നതിൽ വ്യത്യാസം ഉണ്ടാകാം. പക്ഷേ, ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല അല്ലെങ്കിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡോ.താവോറി പറഞ്ഞു.
ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ചൂട് എത്രത്തോളം ആണെന്നതിനെ രക്തഗ്രൂപ്പ് നേരിട്ട് സ്വാധീനിക്കുന്നില്ലെങ്കിലും, ചില രക്തഗ്രൂപ്പുകൾ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ.സിംഗ്ല പറഞ്ഞു. ഒ ഗ്രൂപ്പുള്ള വ്യക്തികൾക്ക് ഹൃദയാഘാതത്തിനും രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത കുറവാണ്. എ അല്ലെങ്കിൽ എബി ഗ്രൂപ്പുകാർക്ക് ഗ്യാസ്ട്രിക്, പാൻക്രിയാറ്റിക് കാൻസർ ഉൾപ്പെടെയുള്ള ചിലതരം അർബുദങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്തഗ്രൂപ്പും ചൂടും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും, രക്തഗ്രൂപ്പ് ആന്റിജനുകളുടെ പങ്ക് സംബന്ധിച്ച് ഗവേഷണം തുടരുന്നുണ്ടെന്ന് ഡോ.സിംഗ്ല പറഞ്ഞു. വ്യത്യസ്ത രക്തഗ്രൂപ്പുകാരിൽ ചിലർക്ക് ചൂടു കൂടുതലും ചിലർക്ക് കുറവും അനുഭവപ്പെടുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജലാംശം, ശരീരഭാരം, ഉപാപചയപ്രവർത്തനം, ഫിറ്റ്നസ് നില, ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ രക്തഗ്രൂപ്പിനെ അപേക്ഷിച്ച് ചൂട് അനുഭവപ്പെടുന്നതിനെ വളരെയധികം സ്വാധീനിക്കുന്നുവെന്ന് ഡോ. താവോറി പറഞ്ഞു. രക്തഗ്രൂപ്പ് ഇനി എന്തുതന്നെയായാലും, കൂളായിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരാമാവധി ഒഴിവാക്കുക എന്നിവ ചൂടിനെ മറികടക്കാനുള്ള നുറുങ്ങു വഴികളാണെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here